Spread the love

കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കി കേരളത്തിൽ മാതൃക കാണിച്ച പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനുള്ള എൽ ഇ പി ഹരിത ദർശന പുരസ്‌കാരം ജൂൺ നാലിന് തിരുവനന്തപുരം പ്രെസ്സ്ക്ലബ്ബിൽ വെച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി കൈമാറും. മുസ്ലിം ലീഗിന്റെ പരിസ്ഥിതി സംഘടനയായ ലീഗ് ഫോർ എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ (എൽ ഇ പി ) സംസ്ഥാന കമ്മിറ്റിയാണ് പുതുപ്പള്ളി മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം സ്വീകരിച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ മാനിച്ചു കൊണ്ട് പുരസ്‌കാരം പ്രഖ്യാപിച്ചത്. മണ്ഡലമൊട്ടാകെ ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കി, സൈക്കിൾ പ്രചാരണങ്ങൾ സംഘടിപ്പിച്ച്, പുനരുപയോഗ സാധനങ്ങൾ പ്രോത്സാഹിപ്പിച്ചും പരിസ്ഥിതി സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ജനകീയ ക്യാമ്പെയ്‌നുകൾ നടപ്പാക്കിയുമാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ പുതിയൊരു സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ തെരഞ്ഞെടുപ്പ് പ്രചാരണ മാതൃക സൃഷ്ടിച്ചത്. വരും നാളുകളിൽ കേരളത്തിലെ എല്ലാവർക്കും സ്വീകരിക്കാവുന്ന മാതൃകയാണിത്. പ്രസ്തുത പ്രവർത്തനങ്ങൾക്കുള്ള പ്രോൽസാഹനം കൂടിയാണ് ഈ പുരസ്‌കാരം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആഗോള താപനത്തിനെതിരെ ഹരിത പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഇ.പി. സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘോഷ പരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം വിവിധ നാട്ടുമരത്തൈകൾ നട്ടുപിടിപ്പിക്കുന്ന വിപുലമായ പദ്ധതിക്ക് ചടങ്ങിൽ തുടക്കം കുറിക്കും. പദ്ധതിയുടെ ഭാഗമായി ആര്യവേപ്പ് തൈ വിതരണത്തിന്റെ ഉദ്ഘാടനം ബഹു. മന്ത്രി നിർവഹിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. എൽ ഇ പി സംസ്ഥാന പ്രസിഡന്റ്‌ കെ .എൻ.എ. ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സലീം കുരുവമ്പലം, ട്രഷറർ ഫൈസൽ കന്നാം പറമ്പിൽ എന്നിവർ സംസാരിച്ചു.സംസ്ഥാന ഭാരവാഹികളായ എ.എം. അബൂബക്കർ, ടി.കെ. അബ്ദുൽ ഗഫൂർ, എൻ.പി. അബ്ദുസ്സമദ്, അബ്ദുൽ ജബ്ബാർ എം.ടി., ഡോ. ആബിദ ഫാറൂഖി, ഡോ. അബ്ദുസ്സലാം എ.കെ., ഡോ. സൈനുൽ ആബിദ് ടി.,വി. ഹുസൈൻ എന്നിവർ പങ്കെടുത്തു.

video
play-sharp-fill