ബൈക്ക് മോഷണവും മാല പൊട്ടിക്കലും പതിവ്; നിരവധി കേസുകളിൽ പ്രതിയും കൊടും ക്രിമിനലുമായ അന്തർജില്ല മോഷ്ടാവ് പിടിയിൽ; ഇരുപതിലധികം വീടുകൾ തകർത്ത് മോഷണം നടത്തിയ പ്രതി പ്രത്യേക രൂപത്തിലുള്ള ആയുധങ്ങൾ പൂട്ട് പൊളിക്കാൻ ഉപയോഗിച്ചിരുന്നതായി പൊലീസ്
സ്വന്തം ലേഖകൻ
കട്ടപ്പന: ഇരുപതോളം ഭവനഭേദന കേസുകളിൽ പെട്ട അന്തർജില്ല മോഷ്ടാവിനെ കട്ടപ്പന പൊലീസ് പിടികൂടി.
ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസിൻ്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ നടന്ന ഇരുപതോളം ഭവനഭേദന കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി സജുവിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത് .
കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കേസുകളും പെരുവന്താനം പോലീസ് പരിധിയിൽ 2 കേസുകളും മുരിക്കാശ്ശേരി പോലീസ് പരിധിയിൽ 3 കേസുകളും കോട്ടയം ജില്ലയിലെ പൊൻകുന്നം പോലീസ് പരിധിയിൽ ഒരു കേസും ഇയാൾക്കെതിരെയുണ്ട് .
മാലപൊട്ടിക്കൽ കേസിൽ 2020 നവംബർ മാസത്തിൽ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത പ്രതി 2021 ജനുവരിയിൽ പുറത്തിറങ്ങിയ ശേഷം ഇടുക്കി ജില്ലയിലെ വെള്ളിലാംകണ്ടം ഭാഗത്ത് വാടകയ്ക്ക് താമസിച്ച് മോഷണം നടത്തി വരവേയാണ് പിടിയിലായത്.
ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങൾ നിർമ്മിച്ച് തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറകളും ധരിച്ച് ആയുധങ്ങൾ പ്രത്യേകം ബാഗിലാക്കി രാത്രികാലങ്ങളിൽ ബൈക്കിലെത്തിയാണ് പ്രതി കൃത്യങ്ങൾ നടത്തിയിരുന്നത്.
പ്രധാന റോഡുകളോടു ചേർന്ന ഒറ്റപ്പെട്ട വീടുകളാണ് പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. പ്രതി മറ്റേതെങ്കിലും സ്ഥലങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
2013 ൽ തിരുവനന്തപുരം പൂവാറിൽ നിന്ന് വിഗ്രഹം മോഷ്ടിച്ച കേസിലും ടെക്നോപാർക്കിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പന്തളത്തുനിന്ന് കാർ മോഷ്ടിച്ച കേസിലും പ്രതി നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കട്ടപ്പന ഐ പി വിശാൽ ജോൺസൺ, എസ്ഐ ദിലീപ് കുമാർ, എസ്ഐ സജിമോൻ ജോസഫ്,
എഎസ്ഐ ബേസിൽ പി ഐസക്, എഎസ്ഐ സുബൈർ എസ്, സിപിഒ ടോണി ജോൺ, സിപിഒ അനീഷ് വി എ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്