
മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് പത്ത് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ താണ്ടി ; മോഷ്ടാക്കൾ പാറമടയിലെ കുളത്തിൽ ചാടിയെന്ന് കരുതി രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയും എത്തി ; ഒടുവിൽ പിടികൂടിയത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും മണിക്കൂറുകൾക്ക് ശേഷം : യുവാക്കളെ കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാരിയായ യുവതി : പുലിവാല് പിടിച്ചത് പൊലീസ്
സ്വന്തം ലേഖകൻ
ചടയമംഗലം: അയൽ ജില്ലയിലെ യുവതിയുടെ പരാതിയിൽ ബൈക്കിലെത്തി മാലമോഷ്ടിക്കുന്ന രണ്ട് യുവാക്കളെ പിടികൂടാൻ ചടയമംഗലം പൊലീസ് 10 മണിക്കൂർ ഓടി, 40 കിലോമീറ്റർ താണ്ടി. തങ്ങളുടെ കഷ്ടപ്പാടിലൂടെ മോഷ്ടാക്കളെ പിടിച്ച സാഹസിക ദൗത്യം പത്രങ്ങളിൽ വാർത്തയുമാക്കി.
ഈ സംഭവങ്ങൾക്കൊക്കെ ശേഷം പിചികൂടിയ മോഷ്ടാക്കളുമായി അയൽ ജില്ലയിലെ സ്റ്റേഷനിലെത്തിയപ്പോൾ പരാതിക്കാരി പറയുന്നു തന്റെ മാല പൊട്ടിച്ചത് ഇവരല്ല. ഇതോടെ ശരിക്കും കുരുക്കിലായത് ചടയമംഗലം എസ്.ഐയും സംഘവുമാണ്. ഒടുവിൽ യുവാക്കളെ നല്ല വാക്ക് പറഞ്ഞ് തിരികെ വീട്ടിൽ കൊണ്ടു വിടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ തുടങ്ങിയ മോഷ്ടാക്കളെ പിടികൂടാനുള്ള ഓട്ടത്തിന് പരിസമാപ്തി ആന്റി ക്ലൈമാക്‌സിലെത്തിയത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്.തിങ്കളാഴ്ച്ച രാവിലെ പതിനൊന്നോടെ പത്തനംതിട്ട ജില്ലയിലെ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മാല കവർച്ചയാണ് എല്ലാത്തിന്റെയും തുടക്കം.
കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിമുരുപ്പിൽ വച്ച് മാങ്കുഴിയിൽ ഉണ്ണിയുടെ മകൾ പ്രീതയുടെ മാല ബൈക്കിലെത്തിയ രണ്ടു യുവാക്കൾ പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. ഈ മോഷ്ടാക്കളാവട്ടെ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു.
മോഷണ പരാതി ലഭിച്ചയുടൻ കൂടൽ പൊലീസ് വിവരം സമീപ ജില്ലകളിലെ സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തു. യുവതിയുടെ മൊഴിയിൽ പ്രതികളുടെ വേഷം, ബൈക്ക് എന്നിവയെ കുറിച്ച് സൂചനയുണ്ടായിരുന്നു. അലേർട്ട് സന്ദേശം കിട്ടിയതിനെ തുടർന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പൊലീസ് കർശന വാഹന പരിശോധന തുടങ്ങി. ഇതിനിടെ എംസി റോഡിൽ ആയൂരിൽ വച്ച് മോഷ്ടാക്കളെന്ന് കരുതുന്നവരെ ഹൈവേ പൊലീസ് കണ്ടു. അവർ പിന്തുടർന്നു. ഇതിനിടെ വിവരം ചടയമംഗലം പൊലീസിനും കൈമാറുകയും ചെയ്തു.
എസ്‌ഐ ശരലാലിന്റെ നേതൃത്വത്തിൽ എംസി റോഡിൽ ജീപ്പ് റോഡിന് കുറകേയിട്ട് ബൈക്ക് തടയാൻ നോക്കി. മോഷ്ടാക്കൾ അതിനേക്കാൾ മിടുക്കന്മാരായിരുന്നു. അവർ സമീപത്തെ പഴയ എംസി റോഡിലേക്ക് ബൈക്ക് തിരിച്ച് രക്ഷപ്പെടുകയും ചെയ്തു.
നെട്ടേത്തറ ഭാഗത്തെ ക്വാറിക്കു സമീപത്തേക്ക് ഇവർ പോവുകയും പൊലീസ് ഇവരുടെ ഇവരുടെ പിന്നാലെ വിടുകയും ചെയ്തു. രക്ഷയില്ലെന്ന് കണ്ടപ്പോൾ പ്രതികൾ ബൈക്കും കളഞ്ഞിട്ട് ഓടി. ഇതിനിടെ പ്രതികൾ പാറമടയിലെ വെള്ളക്കെട്ടിൽ വീണെന്ന അഭ്യൂഹവും പ്രചരിച്ചു.
പൊലീസ് ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തി പാറമടയിൽ തെരച്ചിലും ആരംഭിച്ചു. ഇതിനിടെ അഞ്ചൽ, കടയ്ക്കൽ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസുകാർ എത്തി. നാട്ടുകാരുടെ സഹായത്തോടെ ക്വാറിക്ക് സമീപത്തെ കാടുമൂടിയ ഭാഗങ്ങളിലും മറ്റും പരിശോധന നടത്തി.
തമ്പൊന്നും ലഭിക്കാതെ വന്നപ്പോൾ പൊലീസ് മടങ്ങി. രാത്രിയിൽ പ്രതികൾ പുറത്തു വരുമെന്നും പരിചയമില്ലാത്തവരെ കണ്ടാൽ അറിയിക്കണമെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകി പൊലീസ് മടങ്ങുകയും ചെയ്തു.
രാത്രി എട്ടരയോടെ, പരിചയമില്ലാത്ത രണ്ടപേർ കെഎസ്ആർടിസി ബസിൽ കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചു. ബസ് തിരിച്ചറിഞ്ഞ പൊലീസും നാട്ടുകാരും പിന്തുടർന്ന് ആയൂരിലെത്തി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലായതോടെ രണ്ടു യുവാക്കൾ ബസിൽ നിന്ന് ചാടി ഓടിയെന്നും ഇവരെ ഓടിച്ചിട്ട് കസ്റ്റഡിയിൽ എടുത്തുവെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്.
ആലങ്കോട് സ്വദേശി കാശിനാട്, കടയ്ക്കാവൂർ സ്വദേശി അജിത്ത് എന്നിവരാണ് പ്രതികൾ എന്ന് വിവരവും നൽകി. പിന്നീടാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറുന്നത്. തങ്ങൾ പിടികൂടിയ പ്രതികളെ കൂടൽ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഇതല്ല യഥാർഥ പ്രതികൾ എന്ന് പരാതിക്കാരിയും സാക്ഷ്യപ്പെടുത്തി. അപ്പോഴാണ് പൊലീസിന് അമളി മനസിലാകുന്നത്.
തിരുവനന്തപുരത്ത് കല്യാണത്തിന് പോയി മടങ്ങിയതായിരുന്നു കാശിനാഥനും അജിത്തും. ഇതിനോടകം യഥാർഥ മോഷ്ടാക്കൾ രക്ഷപ്പെടുകയും ചെയ്തിരുന്നു.