
ദൃക്‌സാക്ഷികളില്ലാത്ത അപകടത്തിലും ഒളിഞ്ഞിരിക്കുന്ന ഒരു പഴുത്; കണ്ണാടിക്കഷ്ണം തുമ്പാക്കി പതിനെട്ട് ദിവസം കൊണ്ട് പ്രതിയെ പിടിച്ച കാലടിയിലെ പൊലീസുകാര്‍; സാധാരണ അപകടം എന്ന് എഴുതിത്തള്ളിയേക്കാവുന്ന കേസ് തെളിഞ്ഞ വഴി
സ്വന്തം ലേഖകന്‍
കൊച്ചി: ഒരു കണ്ണാടിക്കഷ്ണം തുമ്പാക്കി പ്രതിയെ പിടിച്ച് കൈയ്യടി വാങ്ങുകയാണ് കാലടി പൊലീസ്. കഴിഞ്ഞ മാസമാണ് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് ഡവലപ്‌മെന്റിലെ പ്രൊജക്ട് ഡയറക്ടര്‍ സെഫീന വിനോ (32) ഒരപകടത്തില്‍പ്പെട്ടത്.
മെയ് 24ന് രാത്രി ഏഴേകാലോടെ മറ്റൂര്‍-നെടുമ്പാശ്ശേരി വിമാനത്താവള റോഡിലായിരുന്നു അപകടം. നീലംകുളങ്ങര ക്ഷേത്രത്തിനു സമീപം വച്ച് എതിരെ വന്ന കാര്‍ സെഫീനയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണ സെഫീനക്ക് തോളെല്ലിന് അടക്കം പരിക്കുകളുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ഡൗണ്‍ സാഹചര്യത്തില്‍ വിജനമായ പ്രദേശത്ത് നടന്ന അപകടത്തില്‍ കാലടി പൊലീസിന് ഏക തുമ്പായി ലഭിച്ചത് അപകടമുണ്ടാക്കിയ കാറില്‍ നിന്നും തെറിച്ച് വീണ സൈഡ് മിറര്‍ ആയിരുന്നു. ദൃക്‌സാക്ഷികള്‍ പോലും ഇല്ലാതിരുന്ന അപകടത്തില്‍ പൊലീസിന് തുമ്പായി ലഭിച്ചത് കാറിന്റെ സൈഡ് മിറര്‍ മാത്രമാണ്. അതുപയോഗിച്ച് അന്വേഷണം തുടങ്ങി. മിറര്‍ ഏത് കാറിന്റെതാണെന്ന് തിരിച്ചറിഞ്ഞ ശേഷം സിസിറ്റിവി ദൃശ്യങ്ങളും രജിസ്‌ട്രേഷന്‍ വിവരങ്ങളും ശേഖരിച്ചും വിലയിരുത്തി.
അപകടം നടന്ന പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നും സെഫീന സ്‌കൂട്ടറില്‍ പോകുന്നതും ഒരു മിനിറ്റിനുള്ളില്‍ ഒരു കാര്‍ എതിര്‍ദിശയിലേക്ക് പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചു. കാലടി ബസ് സ്റ്റാന്‍ഡിന് മുന്നിലെ സിസിറ്റിവിയില്‍ നിന്നും ഈ കാറിന് വലതുവശത്തെ മിറര്‍ ഇല്ലെന്നും വ്യക്തമായി. മൂവാറ്റുപുഴ വരെയുള്ള പല സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും കാറിന്റെ നമ്ബര്‍ മാത്രം വ്യക്തമായിരുന്നില്ല. പക്ഷെ കാറിന്റെ മുന്‍വശത്ത് എയര്‍പോര്‍ട്ട് എന്നെഴുതി വച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടു.
അപകടമുണ്ടാക്കിയ തരം കാറുകള്‍ മൂവാറ്റുപുഴ, പത്തനംതിട്ടയിലെ റാന്നി എന്നീ പ്രദേശങ്ങളില്‍ നിന്നും അതേദിവസം വന്നതായി മനസിലാക്കി. ഇതുപയോഗിച്ച് ആരംഭിച്ച അന്വേഷണത്തില്‍ സംഭവം നടന്ന് പതിനെട്ടാം ദിവസം പൊലീസ് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇതോടിച്ചിരുന്ന റാന്നി എടമണ്‍ തെക്കേമാനില്‍ ജെറിന്‍ വര്‍ഗീസ് (29) അറസ്റ്റിലാവുകയും ചെയ്തു.
കാലടി സ്റ്റേഷനിലെ എഎസ്ഐ ജോഷി തോമസ് സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ. നൗഫല്‍ എന്നിവരാണ് സൈഡ് മിറര്‍ തുമ്പായ അപകട കേസിന്റെ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്. എസ്ഐമാരായ പ്രശാന്ത് ബി.നായര്‍, ജെയിംസ് മാത്യു എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.