മന്ത്രിസഭയില്‍ അഴിച്ചുപണി; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഷംസീറിന് പകരം സ്പീക്കറായി വീണ ജോര്‍ജ് പരിഗണനയില്‍ ; നവംബറില്‍ പുനഃസംഘടന നടന്നേക്കും; ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് സിപിഎം നേതാക്കള്‍
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടര വര്‍ഷത്തോട് അടുക്കുന്നതോടെ മന്ത്രിസഭാ പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായി. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതേസമയം, മന്ത്രിസഭയിൽ കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്തിയേക്കുമെന്നും, ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതോടെ ഗണേഷിന് വനംവകുപ്പ് കൊടുത്ത് എ.കെ.ശശീന്ദ്രന് ഗതാഗതം കൊടുക്കുന്ന കാര്യം ഉള്‍പ്പെടെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.അതേസമയം, വീണ ജോർജ്ജിന് നിയമസഭാ സ്പീക്കർ സ്ഥാനം നല്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടയില്‍ തന്നെ സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തയാഴ്ച ചേരുന്ന നേതൃയോഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്ഥാന ചലനം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീണയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി സ്പീക്കറാക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം ചര്‍ച്ചയില്ലെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.സ്പീക്കര്‍ സ്ഥാനത്ത് എഎന്‍ ഷംസീര്‍ തിളക്കമുള്ള പ്രകടനമാണ് നടത്തുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ഒരു മാറ്റം വേണ്ടതില്ലെന്നു നേതാക്കള്‍ പറയുന്നു.എംബി രാജേഷിനെ സ്പീക്കര്‍ പദവിയില്‍നിന്നു മാറ്റിയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.സമാന രീതിയില്‍ ഷംസീറിനെ മന്ത്രിയാക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
മന്ത്രിസ്ഥാനത്ത് പുതുമുഖങ്ങളെ അവതരിപ്പിച്ച സിപിഐ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഐ മന്ത്രിമാരുടെ പ്രകടനം ശരാശരിക്കും മുകളിലാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.