സി കെ ശശീന്ദ്രനെപോലെ സ്വന്തം ജനതയോട് ഇഴുകിചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടാകില്ല : തോമസ് ഐസക്

സി കെ ശശീന്ദ്രനെപോലെ സ്വന്തം ജനതയോട് ഇഴുകിചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടാകില്ല : തോമസ് ഐസക്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രനെ പ്രകീർത്തിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണെന്നും മന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു.

ശശീന്ദ്രനെപ്പോലൊരാൾ മുന്നിലുള്ളത് വയനാട്ടിലെ ജനതയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും തോമസ് ഐസക് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി തോമസ് ഐസക്കിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയം. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണ്. പുത്തുമലയും ചൂരൽമലയും പൂർണമായും ഒറ്റപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും മെമ്പർമാരുമടക്കം കുടുങ്ങിപ്പോയപ്പോൾ രാത്രി വനത്തിലൂടെ സഞ്ചരിച്ച് ഉരുൾപൊട്ടൽ ഉണ്ടായസ്ഥലത്ത് എത്തിച്ചേരണമെങ്കിൽ, അനിതരസാധാരണമായ ധൈര്യം മാത്രമല്ല, കാട്ടുവഴികളെക്കുറിച്ചുള്ള അറിവും ഭൂമിശാസ്ത്രപരമായ ധാരണയുമൊക്കെ വേണം. ജനങ്ങളിൽ ഒരാളായി ജീവിക്കുന്നതുകൊണ്ടു മാത്രം കൈവരുന്ന അറിവാണത്.

രക്ഷാപ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാനദൗത്യം റോഡു ഗതാഗതം പുനഃസ്ഥാപിക്കലായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാനില്ലാത്ത സമയം. ഒറ്റപ്പെട്ടത് മൂവായിരത്തോളം ജനങ്ങൾ. എപ്പോൾ അവസാനിക്കുമെന്നറിയാതെ കോരിച്ചൊരിയുന്ന മഴ. ഏതുനിമിഷവും ദുരന്തത്തിന്റെ തുടർച്ചയെന്ന ഭീഷണിയുമായി പ്രകൃതി. ഈ ഘട്ടത്തിൽ പത്തു മൂവായിരം പേരെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കു മാറ്റിയ ദൌത്യത്തിന് നേതൃത്വം നൽകിയത് ഒരുപക്ഷേ, ശശീന്ദ്രന്റെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നിരിക്കും. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ്, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ. വനം വകുപ്പുദ്യോഗസ്ഥർ, ഹാരിസൺ മലയാളത്തിലെ ജീവനക്കാർ എന്നിവരുൾപ്പെട്ട സംഘമാണ് അദ്ദേഹത്തിനൊപ്പം രക്ഷാപ്രവർത്തനത്തിന് കൈമെയ് മറന്ന് പ്രയത്‌നിച്ചത്.

രക്ഷാപ്രവർത്തന നേതൃത്വത്തിലും ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിലും അവസാനിക്കുന്നതല്ല, സി കെ ശശീന്ദ്രൻറെ ചുമതല. വയനാടിൻറെ പുനർനിർമ്മാണത്തിനുള്ള നേതൃത്വവും അദ്ദേഹത്തിനുണ്ട്. വീട്, റോഡുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പുനർനിർമ്മാണത്തിനൊപ്പം കൃഷിയും മറ്റ് ഉപജീവന മാർഗങ്ങളും മടക്കിക്കൊണ്ടു വരേണ്ടതുണ്ട്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് സമഗ്രമായ ഒരു കാഴ്ചപ്പാടോടെ വേണം വയനാടിൻറെ പുനർനിർമ്മാണം യാഥാർത്ഥ്യമാക്കേണ്ടത്. ഇക്കാര്യത്തിൽ കഴിഞ്ഞ പ്രളയത്തിനു ശേഷം അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്.

കേരളത്തിൽ ഏറ്റവുമധികം പാൽ ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയാണ് വയനാട്. കഴിഞ്ഞ പ്രളയസമയത്ത് ഒട്ടേറെ പശുക്കളാണ് ചത്തുപോയത്. ക്ഷീരകർഷകരുടെ ജീവിതം വല്ലാതെ പ്രതിസന്ധിയിലായി. അവരുടെ ഉപജീവനമാർഗം കരുപ്പിടിപ്പിക്കുന്നതിന് പ്രളയാനന്തരം എല്ലാ ക്ഷീര കർഷകർക്കും പശുക്കളെ എത്തിച്ച് കൊടുക്കുന്ന ‘ഡൊണേറ്റ് എ കൗ’ എന്ന പദ്ധതി ആരംഭിച്ചിരുന്നു. അതുപോലെ വാഴ കർഷകർക്ക് ആവശ്യമായ വാഴ വിത്തുകൾ സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് എത്തിച്ചുകൊടുത്തു. ഈ പ്രവർത്തനങ്ങളുടെയെല്ലാം ഏകോപനത്തിൽ ശശീന്ദ്രൻ മുന്നിൽത്തന്നെയുണ്ടായിരുന്നു.

കാപ്പികൃഷിയുടെ നേട്ടം വയനാട്ടിന് ലഭിക്കണമെന്ന കാര്യത്തിൽ ശശീന്ദ്രൻ കാണിക്കുന്ന നിർബന്ധബുദ്ധി, അദ്ദേഹത്തിൻറെ ദീർഘവീക്ഷണത്തിൻറെയും പ്രായോഗിക സമീപനത്തിന്റെയും ഉദാഹരണമാണ്. കോർപറേറ്റ് കമ്ബനികൾ കാപ്പിക്കച്ചവടത്തിൽ കൊള്ളലാഭം കൊയ്യുമ്പോൾ, വയനാട്ടിലെ കാപ്പി കർഷകരുടെ ജീവിതം ദുരിതമയമാണ്. കാലാനുസരണം കാപ്പിപ്പൊടിയുടെ വില വർദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ ഒരു ഗുണവും വയനാട്ടിലെ കർഷകന് ലഭിക്കുന്നില്ല. ഈ സ്ഥിതിമാറ്റാനുള്ള മാർഗങ്ങൾക്ക് ഏറ്റവുമധികം തല പുകയ്ക്കുന്ന വയനാട്ടുകാരനാണ് സി കെ ശശീന്ദ്രൻ.

ഇക്കാര്യം എനിക്കു വ്യക്തിപരമായിത്തന്നെ ബോധ്യമുണ്ട്. ഇക്കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് സമഗ്ര വികസന പദ്ധതിയെക്കുറിച്ച് പഠിക്കാൻ തന്റെ മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കുന്നമംഗലത്തെ സിഡബ്ല്യൂആർഡിഎമ്മിൽ ഒരു പഠനക്ലാസു തന്നെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. വയനാട് കാപ്പി പൊടിയാക്കി ബ്രാന്റ് ചെയ്ത് വിൽക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള കാപ്പി സംസ്‌കരണ വ്യവസായ പാർക്കിന് കിഫ്ബി പണം ലഭ്യമാക്കും. കാപ്പികൃഷിക്കാർ സഹകരണ സംഘങ്ങളായോ പ്രൊഡ്യൂസസ് സംഘങ്ങളായോ സംഘടിപ്പിച്ച് അനിവാര്യമായ കൃഷിരീതികളിലുള്ള മാറ്റം ഉറപ്പാക്കുകയും കാപ്പിക്കുരു സംസ്‌കരണ ഫാക്ടറിക്ക് ലഭ്യമാക്കുകയാണ് രണ്ടാമത്തെ നടപടി. ഷേഡ് കാപ്പി എന്ന നിലയിൽ കാപ്പി വിൽക്കാനാകും.

ഇതിന് തോട്ടങ്ങളിലെ മരത്തണൽ വർദ്ധിപ്പിക്കണം, കൂടുതൽ മരങ്ങൾ നടണം. ജില്ലയിൽ ബഹിർഗമിക്കപ്പെടുന്ന കാർബൺ പൂർണമായും വലിച്ചെടുക്കാനാവുന്ന എണ്ണം മരങ്ങൾ നടാൻ പറ്റും. അതോടെ കാർബൺ ന്യൂട്രൽ എന്ന പദവി ജില്ലയ്ക്ക് ലഭ്യമാകും. കാർബൺ ന്യൂട്രൽ വയനാട് എന്നത് കാപ്പിപ്പൊടിയെ ബ്രാന്റ് ചെയ്യുന്നതിന് സഹായകരമാകും. മരം നടുന്നവർക്ക് മൂന്നാം വർഷം മുതൽ മരമൊന്നിന് 50 രൂപ വീതം ദീർഘകാല വായ്പയായി നല്കുന്നതിനുള്ള സ്‌കീമുണ്ടാക്കും. മരം വെട്ടുമ്‌ബോൾ ഈ പണം തിരിച്ചു നൽകിയാൽ മതിയാകും.

നാലാമതായി ഇത് എക്കോ ടൂറിസത്തിന് പ്രോത്സാഹനമാകും. അതുപോലെതന്നെ ചക്ക പോലുള്ള ഉല്പന്നങ്ങളുടെ സംസ്‌കരണം ഉപ വ്യവസായമായിട്ടും വളരും. അവസാനമായി തൊഴിലുറപ്പിലൂടെയും അല്ലാതെയും വലിയ രീതിയിൽ തൊഴിലവസരങ്ങൾ ഇത് ജില്ലയിൽ സൃഷ്ടിക്കും. അഞ്ചു വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കൽ ആണ് ലക്ഷ്യം. ഒക്ടോബർ മാസത്തിൽ വ്യവസായ പാർക്കിന് തറക്കല്ലിട്ട് പദ്ധതിക്ക് തുടക്കം കുറിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു സമഗ്ര പരിപാടിയുടെ വികസനത്തിന് അക്ഷീണം പ്രയത്‌നിക്കുന്ന ജനപ്രതിനിധിയാണ് സി കെ ശശീന്ദ്രൻ. അതിനിടയ്ക്കാണ് പ്രളയം ഇടിത്തീയായി വയനാടിനു മുകളിൽ വീണത്. തുടങ്ങിവെച്ചതെല്ലാം ഒന്നിൽ നിന്ന് വീണ്ടും തുടങ്ങേണ്ട അവസ്ഥ. പക്ഷേ, വെല്ലുവിളിയേറ്റെടുത്ത് ശശീന്ദ്രനെപ്പോലൊരാൾ മുന്നിലുള്ളത് വയനാട്ടിലെ ജനതയ്ക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.