പുത്രവാത്സല്യത്താൽ അന്ധരായി കേരള പൊലീസ്..! പൊലീസിനെ കോടികളുടെ കോഴക്കെണിയിൽ വീഴ്ത്തി ബൈജൂസ് ആപ്പ്: നാട്ടുകാരെ കുപ്പിയിലാക്കിയ ബൈജൂസ് പൊലീസിനെ ആപ്പിലാക്കുന്നു: കുട്ടികൾക്കു സൗജന്യമായി പരിശീലനം നൽകുന്നതിനാൽ ബൈജൂസിനെതിരായ പരാതി സ്വീകരിക്കാതെ പൊലീസുകാർ

പുത്രവാത്സല്യത്താൽ അന്ധരായി കേരള പൊലീസ്..! പൊലീസിനെ കോടികളുടെ കോഴക്കെണിയിൽ വീഴ്ത്തി ബൈജൂസ് ആപ്പ്: നാട്ടുകാരെ കുപ്പിയിലാക്കിയ ബൈജൂസ് പൊലീസിനെ ആപ്പിലാക്കുന്നു: കുട്ടികൾക്കു സൗജന്യമായി പരിശീലനം നൽകുന്നതിനാൽ ബൈജൂസിനെതിരായ പരാതി സ്വീകരിക്കാതെ പൊലീസുകാർ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ‘വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവരിൽ നിന്നും, പണമായോ പാരിദോഷികമായോ സ്വീകരിക്കുന്നതും ആവശ്യപ്പെടുന്നതും വിജിലൻസിന്റെ കണ്ണിൽ അഴിമതിയാണ്. എന്നാൽ, ഇതേ സൗജന്യവും ആനൂകൂല്യങ്ങളും പാരിദോഷികവും പൊലീസ് ഇപ്പോൾ കൈപ്പറ്റുകയാണ്. പുത്രവാത്സല്യത്താൽ അന്ധരായി മാറിയിരിക്കുകയാണ് ഇപ്പോൾ കേരള പൊലീസ്. മക്കൾക്കായി സൗജന്യമായി ആപ്പ് നൽകാമെന്നു ബൈജൂസ് അറിയിച്ചതോടെ കേരള പൊലീസ് ബൈജൂസ് ആപ്പിനെതിരായ പരാതികളെല്ലാം മറന്നിരിക്കുകയാണ്.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൈക്കൂലിയാണ് ഇപ്പോൾ കേരള പൊലീസ് കൈപ്പറ്റിയിരിക്കുന്നത്. ആഗോള ഭീമന്മാരുടെ നിക്ഷേപത്തോടെ പ്രവർത്തിക്കുന്ന മലയാളി സംരംഭകന്റെ കമ്പനിയായ ബൈജൂസ് ആപ്പാണ് ഇപ്പോൾ കൈക്കൂലി നൽകിയിരിക്കുന്നത്. കൈക്കൂലി വാങ്ങിയിരിക്കുന്നത്, കേരള പോലീസും ആഭ്യന്തര വകുപ്പുമാണ്.
നാൾക്കുനാൾ ജനങ്ങൾക്കിടയിൽ പരാതികൾ ഏറി വരുന്ന ഒരു കമ്പനിയാണ് ബൈജൂസ് ആപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾക്ക് ഓൺലൈനിലൂടെ വിദ്യാഭ്യാസം നൽകുക എന്ന ആശയവുമായി മലയാളിയും കണ്ണൂർക്കാരനുമായ ബൈജു രവീന്ദ്രൻ ആരംഭിച്ച ഒരു കമ്പനിയാണിത് തിങ്ക് ആൻഡ് ലേൺ പ്രൈവറ് ലിമിറ്റഡ്(ബൈജൂസ് ആപ്പ് ). എന്നാൽ ഈ കമ്പനി ഇപ്പോൾ കേരള പോലീസിന് 50 കോടിയിൽ അധികം മൂല്യം വരുന്ന തരത്തിൽ ഒരു കൈക്കൂലി വാഗ്ദാനം ചെയ്യുകയും അത് നമ്മുടെ ഡിജിപി ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരള പോലീസ് നൽകിയ സേവനത്തിന് പകരമായി കേരള പോലീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മക്കൾക്ക് സൗജന്യമായി ബൈജൂസ് ആപ്പിന്റെ സേവനം നൽകുന്നു എന്ന വിവരം ഈ മാസം 13നാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഡിജിപി തിങ്കളാഴ്ച ഈ കോഴ സ്വീകരിക്കുകയും ഇത് ഉദ്ഘാടനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇതൊരു വലിയ കൈക്കൂലി ഇടപാടാണെന്ന വാർത്ത പുറത്തുവരുന്നത്.

അതിനു മുന്നേ ഒന്ന് പറഞ്ഞോട്ടെ, ഒരു പക്ഷെ ഈ വാർത്ത നിങ്ങൾക്ക് ഒരു മുഖ്യധാരാ മാധ്യമത്തിലും കാണാൻ സാധിക്കില്ല. കാരണം ഈ കമ്പനി ഇന്ത്യയിലെ എല്ലാ ചാനലുകളെയും പരസ്യം നൽകി വിലക്കെടുത്തിരിക്കുകയാണ്. ആയതിനാൽ മക്കളുള്ള രക്ഷിതാക്കൾ ഇത് വായിക്കുന്നത് നന്നായിരിക്കും. നാളെ നിങ്ങൾ അകപ്പെടാൻ പോകുന്ന ഒരു വലിയ കെണിയിൽ നിന്നും ചിലപ്പോൾ രക്ഷപ്പെടാൻ ഇതുപകരിച്ചേക്കാം.

ദിനംപ്രതി ആയിരക്കണക്കിന് പരാതികളാണ് ബൈജൂസ് ആപ്പിനെതിരെ പോലീസ് സ്റ്റേഷനുകളിലും, കൺസ്യൂമർ കോടതികളിലും വന്നുകൊണ്ടിരിക്കുന്നത്. എല്ലാം ചീറ്റിംഗ്, മോശമായ പെരുമാറ്റം, സ്ത്രീകളോടും കുട്ടികളോടും അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കേണ്ട പരാതികൾ. പണം നഷ്ടപ്പെട്ടവർ അത് തിരികെ പിടിക്കാൻ കൺസ്യൂമർ കോടതികളെ സമീപിക്കുന്നത് വേറെയും. ഇതിൽ ആദ്യം പരാതികൾ കൈകാര്യം ചെയ്യേണ്ടത് അതാത് പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരാണ്. ഇത്തരം പ്രശ്‌നങ്ങൾക്ക് ആദ്യം സാധാരണക്കാർ സമീപിക്കുന്നതും പോലീസ് സ്റ്റേഷനെയാണ്.

കണക്കുകൾ പ്രകാരം 49000 പോലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ടെന്നാണ് വിവരം. അതിൽ 10000 പോലീസുകാരുടെ മക്കൾക്ക് സൗജന്യ ആപ്പ് ലഭിച്ചാൽ തന്നെ ഏകദേശം 80 കോടി രൂപയുടെ പാരിതോഷികമാണ് പോലീസിന് ലഭിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും. ഒരു വർഷം മുതൽ 5 വർഷം വരെയുള്ള പല പാക്കേജുകളായി 30000 രൂപ മുതൽ 150000 രൂപ വിലയുള്ള പാക്കേജുകളാണ് ബൈജൂസ് ആപ്പ് കുട്ടികൾക്കായി നൽകുന്നത്.

ബൈജൂസ് ആപിനെതിരെ നിരവധി പരാതികളാണ് കേരളത്തിലും രാജ്യത്തിലുടനീളവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോടികളുടെ പണം മുടക്കി മോഹൻലാൽ, ഷാരുഖ് ഖാൻ തുടങ്ങിയ പ്രശസ്ത നടന്മാരെ വെച്ച് പരസ്യം ചെയ്ത് ടിവിയിലൂടെയും പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അവ വിദ്യാർത്ഥികളിലേക്ക് എത്തിച്ച്, സൗജന്യ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചതിനു ശേഷം, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ് വീട്ടിൽ വന്ന് കുട്ടികളുടെ മുന്നിൽ വെച്ച് രക്ഷിതാക്കളെ ഇമോഷണൽ മാർക്കറ്റിംഗ് തന്ത്രം ഉപയോഗിച്ചു പ്രതിസന്ധിയിൽ ചാടിക്കുന്ന തന്ത്രമാണ് ബൈജൂസ് ആപ്പ് ചെയ്യുന്ന കച്ചവടം.

അടക്കേണ്ട ഫീസിനെക്കുറിച്ച് പറയാതെ തന്നെ രക്ഷിതാക്കളെ കൊണ്ട് അപേക്ഷ ഫോം പൂരിപ്പിച്ച് ഓൺലൈനിലൂടെ തന്നെ അത് ബാങ്കിൽ ലിങ്ക് ചെയ്ത്, ഒരു വർഷത്തേക്കുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കും വാങ്ങി എക്‌സിക്യൂട്ടീവ് സ്ഥലം വിടുമ്പോളാണ് ബാങ്കിൽ നിന്നും മെസേജ് വരുന്നത് ‘നിങ്ങളുടെ ബാങ്ക് ലോൺ സാങ്ക്ഷൻ ആയിരിക്കുന്നു’. അതിൽ തുക കാണുമ്പോഴാണ് രക്ഷിതാക്കൾ തങ്ങൾ അകപ്പെട്ട ചതിക്കുഴിയെ കുറിച്ച് ചിന്തിക്കാൻ ആരംഭിക്കുക. പിന്നീട് ഒരു തിരിച്ചുപോക്കില്ല എന്ന് മനസ്സിലാകുന്നത് എക്‌സിക്യൂട്ടീവിനെ ഈ വിവരം വിളിച്ച് തിരക്കുമ്പോഴാണ്. അയാൾ പറയും ബൈജൂസിന് ലഭിക്കേണ്ട പണം ബാങ്ക് നൽകിക്കഴിഞ്ഞെന്നും നിങ്ങൾ ഇനി സംസാരിക്കേണ്ടത് ബാങ്കിനോടാണെന്നതും. അവിടെയും തീരുന്നില്ല ബൈജൂ രവീന്ദ്രന്റെ ആപ്പിൽ പെട്ട രക്ഷിതാവിന്റെ കഷ്ടപ്പാടുകൾ.

ഒരു വശത്ത് മക്കളോടുള്ള സ്‌നേഹവും മറുവത്ത് വൻ സാമ്പത്തിക ബാധ്യതയും എന്ന കെണിയിലാണ് ബൈജൂസ് ആപ്പ് ഓരോ രക്ഷിതാവിനെയും എത്തിക്കുന്നത്. ഒന്നോ രണ്ടോ ചെക്കുകൾ കഷ്ടപ്പെട്ട് പാസാക്കി വിട്ടാലും പിന്നീട് വന്നുകൊണ്ടിരിക്കുന്ന ചെക്കുകൾ പാസാകാതെ വരുന്നതോടെ രക്ഷിതാക്കൾ ധർമ്മസങ്കടത്തിലാകുന്നു. ആ സമയത്താണ് ബൈജൂസിന്റെ എക്‌സിക്യൂട്ടീവ്‌സ് വീട്ടിൽ വരുകയും മക്കളുടെ മുന്നിൽ വച്ച് സംസാരിച്ച് വീണ്ടും ഇമോഷണൽ മാർക്കറ്റിംഗിലൂടെ രക്ഷിതാക്കളെ ആപ്പിൽ തുടരാൻ നിർബന്ധിക്കുകയും ചെയ്യുക. പിന്നീട് അടവ് തെറ്റുമ്പോൾ ഇവരുടെ മാർക്കറ്റിംഗ് സ്റ്റാഫ് ഫോണിൽ വിളിച്ച് രക്ഷിതാക്കളെയും കുട്ടികളെയും അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുന്നു എന്നെല്ലാമാണ് പരാതികൾ വരുന്നത്.

കണക്കുകൾ പ്രകാരം 35000 കോടിയിലധികം നിക്ഷേപം ബൈജൂസ് ആപ്പിൽ വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഫേസ്ബുക്ക് സ്ഥാപകൻ, ഡിസ്നി, അമേരിക്കൻ കമ്പനികൾ തുടങ്ങിയ ആഗോള നിക്ഷേപകർ കോടികൾ നിക്ഷേപിച്ച സ്ഥാപനമാണ് ബൈജൂസ് ആപ്പ്. അതുകൊണ്ട് തന്നെ ബൈജുവിന്റെയും കമ്പനിയുടെയും ലക്ഷ്യം നമ്മുടെ കുട്ടികൾ നന്നായി പഠിക്കുക എന്നതല്ല, മറിച്ച് അവരുടെ രക്ഷിതാക്കളെ ഒരു പാഠം പഠിപ്പിക്കുക എന്നത് തന്നെയാണ്. അതിനെ സൂചിപ്പിക്കുന്ന ഒരു പരസ്യവും ഇപ്പോൾ മോഹൻലാലിനെ വെച്ച് അവർ മാധ്യമങ്ങളിലൂടെ കാണിച്ചുകൊണ്ടിരിക്കുന്നു. അതിൽ തന്നെയുണ്ട് കുട്ടികളെ വെച്ചുള്ള ഇമോഷണൽ ഡ്രാമയുടെ അടയാളങ്ങൾ.

എന്നാൽ പോലീസുകാരുടെയടുത്ത് പ്രയോഗിച്ച ബൈജു രവീന്ദ്രന്റെ പുതിയ ബുദ്ധി പോലീസ് മനസ്സിലാക്കുമ്പോളേക്കും അവരിൽ ഒട്ടു മിക്ക ആളുകളും കെണിയിൽ വീണുപോയിട്ടുണ്ടാവാം. സെപ്റ്റംബർ വരെയാണത്രെ പോലീസിന് ഫ്രീ ആപ്പ് നൽകുന്നത്. അങ്ങനെയെങ്കിൽ അതിനുശേഷം ആപ്പിന് പണം നൽകണം. മുകളിൽ പറഞ്ഞത് പോലെയെങ്കിൽ. 80000 രൂപ ആവറേജ് ഒരു പോലീസുകാരൻ ഒരു വർഷം നൽകേണ്ടിവരും എന്ന് സാരം. അതിലേക്കായി പോലീസ് അറിയാതെ തന്നെ അവരുടെ സാലറി അക്കൗണ്ട് ഇവരുടെ ബാങ്കുമായി ഇവർ ലിങ്ക് ചെയ്തിരിക്കും. പിന്നീട് മക്കളുള്ള ഓരോ പോലീസുകാരനെയും കാത്തിരിക്കുന്നത് വലിയ ബാധ്യതയാണ്. ഇനി ചതി മനസ്സിലാക്കി ഈ ആപ്പിന്റെ സേവനം വേണ്ട എന്ന് ഏതെങ്കിലും പോലീസുകാരൻ വെച്ചാലും ബൈജു അവരെ വെറുതെ വിടാൻ പോകുന്നില്ല.

കാരണം തന്റെ കൂടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകൻ ബൈജൂസ് ആപ്പ് വച്ച് പഠിച്ച് കൂടുതൽ മാർക്ക് വാങ്ങുമ്പോൾ, ആപ്പ് എടുക്കാത്ത ഓരോ പോലീസുകാരന്റെ മക്കളും തങ്ങളുടെ രക്ഷാകർത്താക്കളായ പോലീസുകാരോട് ആപ്പ് വേണം എന്ന് പറഞ്ഞു വാശി പിടിക്കാൻ ആരംഭിക്കും. ഇല്ലങ്കിൽ ബൈജുവിന്റെ മാർക്കറ്റിംഗ് പ്ലാനിംഗ് ഓഫീസർമാർ കുട്ടികളെക്കൊണ്ട് വാശി പിടിപ്പിക്കും. അവസാനം നിവൃത്തി കേടുകൊണ്ട് ഓരോ പോലീസുകാരനും ബൈജൂസിന്റെ ആപ്പ് കെണിയിൽ പെടുമെന്ന് സാരം.

ഇനി അങ്ങനെ കെണിയിൽ പെട്ട് നിൽക്കുന്ന ഒരു പോലീസുകാരന്റെ മുന്നിലേക്കാണ് ഒരു സാധാരണക്കാരൻ പരാതിയുമായി ചെല്ലുന്നത് എങ്കിൽ ആ പോലീസുകാരൻ കേസ്സെടുക്കാൻ തന്നെ തീരുമാനിച്ചു എന്നുവെയ്ക്കുക, ഉടൻ ആ പോലീസുകാരന്റെ മക്കൾ പഠിക്കാൻ ഉണ്ടാക്കിയ ബാധ്യത ബൈജൂസ് എഴുതി തള്ളാൻ തീരുമാനിച്ചാൽ പിന്നീട് ആ പോലീസുകാരൻ പരാതിക്കാരന് നീതി നേടിക്കൊടുക്കാൻ ശ്രമിക്കുമോ? ഈ സാഹചര്യമാണ് ഈ കൈക്കൂലി കൊണ്ട് പോലീസും പൊതുസമൂഹവും ഭാവിയിൽ നേരിടാൻ പോകുന്ന പ്രതിസന്ധി.

എല്ലാ പോലീസ് സ്റ്റേഷന്റെയും സർക്കാർ ഓഫീസുകളുടെയും മുന്നിൽ തന്നെ കാണുന്ന ഒരു നോട്ടീസാണ് ഈ ഓഫീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ പണമോ പാരിതോഷികമോ ആവശ്യപ്പെട്ടാൽ വിജിലൻസിനെ വിവരം അറിയിക്കുക എന്നത്. എന്നാൽ ഈ പാരിതോഷികത്തെ കുറിച്ച് പോലീസ് തന്നെ ഫേസ് ബൂക്കിലൂടെ വിവരം പുറത്തുവിട്ട സ്ഥിതിക്ക് വിജിലൻസ് ഉദ്യോഗസ്ഥർ പോലീസ് ഡിജിപിക്കെതിരെ കേസ്സെടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ട മറ്റൊരു കാര്യം.

പറയുന്നത് കോവിഡ് കാലത്ത് പോലീസ് കൈകൊണ്ട നടപടികൾക്ക് നൽകുന്ന ഉപഹാരം എന്നാണ്. അങ്ങിനെയെങ്കിൽ നൽകേണ്ടത് നമ്മുടെ നഴ്‌സുമാർക്കല്ലേ എന്ന ചോദ്യം ചോദിക്കാൻ പാടില്ല. കാരണം അവരെക്കൊണ്ട് ബൈജൂ രവീന്ദ്രനെ വരാനിരിക്കുന്ന കേസ്സുകളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കില്ലല്ലോ! ബൈജു രവീന്ദ്രൻ കൂർമ്മ ബുദ്ധിക്കാരനാവാം, മലയാളിയല്ലാത്ത പോലീസ് ഡിജിപിക്ക് ഒരുപക്ഷേ ആ ബുദ്ധി നേരിട്ട് കാണാനും സാധിച്ചില്ല എന്നും വരാം. പക്ഷെ പൊതുജനം ഈ ഇടപാടിനെ കുറിച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ് എന്ന് മാത്രമാണ് ഇവിടെ പറയാനുള്ളത്.