ബിഷപ്പ് തോമസ് കെ.ഉമ്മൻ നവംബർ 29 ന് പടിയിറങ്ങും; യാത്രയയപ്പു സമ്മേളനം നവംബർ 28 ന്

ബിഷപ്പ് തോമസ് കെ.ഉമ്മൻ നവംബർ 29 ന് പടിയിറങ്ങും; യാത്രയയപ്പു സമ്മേളനം നവംബർ 28 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പന്ത്രണ്ടാമത് അദ്ധ്യക്ഷനായ ബിഷപ്പ് തോമസ് കെ.ഉമ്മൻ ഔദ്യോഗിക പദവിയിൽ നിന്നും നവംബർ 29 ന് വിരമിക്കും. 2011 മാർച്ച് 5 നാണ് സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് അദ്ദേഹം എത്തിയത്. ഔദ്യോഗിക വിരമിക്കൽ കാലാവധിയായ 67 വയസ്സ് പൂർത്തിയാകുന്നതിനാലാണ് നവംബർ 29ന് അദ്ദേഹം മദ്ധ്യകേരള മഹായിടവകയുടെ പടിയിറങ്ങുന്നത്.

മഹായിടവകയുടെ നേതൃത്വത്തിൽ നവംബർ 28 ന് രണ്ടിനു ബെഞ്ചമിൻ ബെയ്ലി ഹാളിൽ നടക്കുന്ന ബിഷപ്പ് തോമസ് കെ.ഉമ്മൻറെ യാത്രയയപ്പ് സമ്മേളനം മലങ്കര മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും. സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം അദ്ധ്യക്ഷത വഹിക്കും. മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലൂസ് ദ്വിതീയൻ അനുഗ്രഹപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലങ്കര കത്തോലിക്കാ മാവേലിക്കര ഭദ്രാസനാധിപൻ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ക്‌നാനായ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്, സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ.കെ. രൂബേൻ മാർക്ക്, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വി.എൻ വാസവൻ തുടങ്ങിയവർ ആശംസകളർപ്പിക്കും.
29 ഞായറാഴ്ച കത്തീഡ്രൽ ദൈവാലയത്തിലെ വിശുദ്ധ ആരാധനയ്ക്ക് ശേഷം ബിഷപ്പ് തോമസ് കെ.ഉമ്മൻ സ്വദേശമായ തലവടിയിലേക്ക് യാത്രതിരിക്കും.

കുടുംബങ്ങളുടെ ഭദ്രതയാണ് ധാർമിക പുരോഗതിയുടെ അടിസ്ഥാനം എന്നും കുടുംബങ്ങളുടെ കെട്ടുറപ്പിനെ തകർക്കുന്ന സാമൂഹിക തിൻമകൾക്കെതിരെയുള്ള സന്ധിയില്ലാ സമരം ആണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളാ ക്രൈസ്തവ മദ്യവർജ്ജനസമിതിയുടെയും ട്രാഡയുടെയും പ്രസിഡണ്ടായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതി വിധി മറയാക്കി കൂടുതൽ മദ്യശാലകൾ അനുവദിക്കാനുള്ള സർക്കാരിന്റെ നയത്തിനെതിരെ ശക്തമായ സമര പരിപാടികളായിരുന്നു ബിഷപ് തോമസ് കെ.ഉമ്മന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയ ഭവനത്തിലേക്ക് അർദ്ധരാത്രിയിൽ നടത്തിയ സമരവും വ്യത്യസ്ത നിറഞ്ഞതായിരുന്നു.
മദ്യവിരുദ്ധ സഭയും സമൂഹവും എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ശക്തി പകരുവാൻ മദ്യം ഉപയോഗിക്കുന്നവർക്ക് സഭയുടെ ഭാരവാഹിത്വത്തിൽ മത്സരിക്കാൻ യോഗ്യരല്ല എന്ന സിഎസ്‌ഐ മധ്യകേരള മഹായിടവക കൗൺസിൽ തീരുമാനത്തിന് പിന്നിൽ ബിഷപ്പ് തോമസ് കെ. ഉമ്മൻ ആയിരുന്നു. ക്രൈസ്തവസഭകളിൽ ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിച്ച തീരുമാനമായിരുന്നു സി. എസ്. ഐ സഭയുടേത്.
ഇതിന് ശേഷം ‘മദ്യം ഉപയോഗിക്കുന്ന ആളല്ല’ എന്ന സത്യവാങ്മൂലം നൽകിയവർക്ക് മാത്രമായിരുന്നു സഭയുടെ പ്രാദേശിക കമ്മിറ്റിയിലേക്കും കൗൺസിലിലേക്കും മത്സരിക്കാൻ യോഗ്യതയുള്ളത്.

കേരളത്തിന്റെ രാഷ്ട്രീയ മേഖലയിൽ സാമുദായിക സംഘടനകളുടെ ഇടപെടൽ അതിരുവിടുന്ന തിരെ അദ്ദേഹം ശബ്ദമുയർത്തി.
മതശാക്തീകരണം ജനാധിപത്യത്തിന്റെ നിലനിൽപിന് തടസ്സമാവരുത് എന്ന് പ്രഖ്യാപിച്ച അദ്ദേഹം മതമില്ലാത്തവർക്കും ജീവിക്കുവാനുള്ള ഉള്ള സുരക്ഷിതത്വം വിഭാവനം ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന് ബോധിപ്പിച്ചു. മതം മനുഷ്യനെ നന്നാക്കുവാൻ ഉള്ളതാണെന്നും മനുഷ്യത്വം ആണ് എല്ലാ മതങ്ങളുടെയും ചൈതന്യം എന്നും
മതമല്ല രാജ്യം ഭരിക്കേണ്ടത് ഒന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭരണഘടനയിലെ മതനിരപേക്ഷത എടുത്തുകളയാൻ ആവശ്യപ്പെടുന്ന രാഷ്ട്രീയ നിലപാടുകൾക്കെതിരെയും ഉയർന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.

2018 ൽ കേരള സംസ്ഥാനം അതുവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയത്തിന് നാം സാക്ഷികളായി.
മനുഷ്യ ജീവൻ അപകടത്തിലാവുന്ന ഭീകര അവസ്ഥയിൽ ഇടുക്കി അണക്കെട്ട് ഉൾപ്പെടെ തുറക്കപ്പെട്ടു. ആദ്യമായി കോട്ടയം സി.എം.എസ് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.
ഉടനെ തന്നെ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ എല്ലാ പള്ളികളും സ്ഥാപനങ്ങളും
ദുരിത ബാധിതർക്കായി തുറന്നു കൊടുക്കുന്നതിന് ബിഷപ്പ് ആവശ്യപ്പെട്ടു.
കോട്ടയം സി.എം.എസ് കോളേജും സി.എൻ.ഐ എൽ.പി സ്‌ക്കൂളും പരിധികഴിഞ്ഞപ്പോൾ കോട്ടയം ബേക്കർ സ്‌ക്കൂളിൽ ക്യാമ്പ് ആരംഭിക്കുവാൻ യുവജനപ്രസ്ഥാനത്തോട് ആവശ്യപ്പെടുകയും
എല്ലാ ദിവസവും രാവിലെ ക്യാമ്പുകളിലെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്.
കോട്ടയത്തെ ക്യാമ്പുകളിലെ സന്ദർശനത്തിന് ശേഷം ഔദ്യോഗിക വാഹനം നിറയെ അവശ്യസാധനങ്ങളുമായി സി.എസ്.ഐ സഭയിലെ പ്രാദേശിക ഇടവകകളുടെ നേതൃത്വത്തിൽ നടക്കുന്നതും സ്ഥാപനങ്ങളിൽ നടക്കുന്നതുമായ ക്യാമ്പുകളിലേക്കുമായിരുന്നു തുടർന്നുള്ള യാത്രകൾ.
ഇതിനിടയിൽ കോട്ടയം ചാലുകുന്നിൽ മരണപ്പെട്ട ഹൈന്ദവ സഹോദരന്റെ മൃതദേഹം വയ്ക്കുവാനും അന്ത്യകർമ്മങ്ങൾ ചെയ്യുവാനും പ്രളയം മൂലം സാധ്യമല്ല എന്ന് അറിഞ്ഞപ്പോൾ തന്നെ കോട്ടയം സി.എം.എസ് കോളേജ് തുറന്നു കൊടുക്കുന്നതിന് ബിഷപ്പ് നിർദ്ദേശം നല്കുകയും
അവിടെയെത്തി
മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.

ഇന്ന് കേരള സമൂഹം കോവിഡ് 19 പകർച്ചവ്യാധിയുടെ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ മഹായിടവയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും പാരിഷ് ഹാളുകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു.മഹായിടവക ആസ്ഥാനത്തുള്ള റിട്രീറ്റ് സെന്റർ ക്വാറനന്റെൻ സെന്ററിനായി വിട്ടു കൊടുത്തു. കോവിഡ് രോഗബാധിതരായി മരണമടയുന്നവരോട് സമൂഹം പ്രകടമാക്കുന്ന ഭീതി മൂലമുള്ള വിവാദങ്ങൾക്കിടയിൽ കോവിഡ് ബാധിച്ച് മരണമടയുന്നവരെ സഭയുടെ സെമിത്തേരികളിൽ ശവശംസ്‌കാര ശുശ്രൂഷയോടെ അടക്കം ചെയ്യും എന്ന ധീരമായ പ്രഖ്യാപനം നടത്തി തിരുമേനി മാതൃകയായി.
*പരിസ്ഥിതിയുടെ പ്രവാചകൻ*

പരിസ്ഥിതിയെ ഭാവി തലമുറകൾക്ക് വേണ്ടി പ്രാണവായു പോലെ സംരക്ഷിക്കണം എന്ന് നിരന്തരം ആഹ്വാനം ചെയ്ത വ്യത്യസ്തനായ മത-സാമുദായിക നേതാവായിരുന്നു ബിഷപ്പ് തോമസ് കെ ഉമ്മൻ. പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും അതിനുവേണ്ടി മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്നുമുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാട് ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതിക്കുവേണ്ടി താൻ ഉയർത്തിയ പ്രതികരണങ്ങൾക്ക് എതിരെ നനാവശങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടും തന്റെ നിലപാടുകളിൽ അവസാന നിമിഷം വരെ ഉറച്ചുനിന്ന ആർജ്ജവമുള്ള സാമൂഹിക നേതാവ് കൂടിയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി
ദക്ഷിണേന്ത്യാ സഭയിലും മദ്ധ്യകേരള മഹായിടവകയിലും നിർഭയമായ നിലപാടുകളായിരുന്നു അദ്ദേഹം ഉയർത്തിയത്. . സി.എസ്.ഐ ഇക്കോളജിക്കൽ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം
ഒരു ഹരിത സാമ്പത്തിക വ്യവസ്ഥിതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്നുള്ള ഉള്ള ശക്തമായ നിലപാട് അടിവരയിടാൻ രണ്ട് ഇടയലേഖനങ്ങൾ പുറത്തിറക്കിയ സഭാധ്യക്ഷനായിരുന്നു അദ്ദേഹം. സഭയുടെ പരിസ്ഥിതി അവാർഡ്, ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിൻറെ പേരിൽ സഭയും സമൂഹവും തിരസ്‌കരിച്ച മുൻ എംപിയും ഇപ്പോൾ എം.എൽ.എ യുമായ
ശ്രീ.പി.ടി തോമസിന് നൽകി നിലവിലുള്ള വ്യവസ്ഥിതിയെ അദ്ദേഹം വെല്ലുവിളിച്ചു. കയ്യേറ്റത്തിനെതിരേ ശക്തമായ നിലപാട് എടുത്ത അദ്ദേഹം
ഭൂമിയും പരിസരവും
ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വമാണെന്ന് ആഹ്വാനം ചെയ്തു. പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് പാപമാണെന്നും പശ്ചിമഘട്ടമലനിരകൾ അവിടെ താമസിക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നുംന്നും ദക്ഷിണേന്ത്യയിലെ ഇരുപത്തിയഞ്ച് കോടി ജനങ്ങൾക്ക് ആശ്രയം ആണെന്നും അദ്ദേഹം പ്രചരിപ്പിച്ചു.
പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കുവാൻ വേണ്ടി നടത്തുന്ന ഏതു നിയമനിർമാണങ്ങൾക്കും സഭയുടെ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു.
9 വർഷങ്ങൾക്ക് ശേഷം സഭയുടെ അദ്ധ്യക്ഷപദവിയിൽ നിന്നും വിരമിക്കുമ്പോൾ പൂർണ്ണസംതൃപ്തിയാണ് ഉള്ളതെന്ന് ബിഷപ്പ് പറഞ്ഞു.
ഭാഗിക ശ്രവണ കോളേജും ലോ കോളേജും വനിതാ കോളേജും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹത്തിൻറെ കാലയളവിൽ ആരംഭിച്ചു.