play-sharp-fill
നുഴഞ്ഞുകയറ്റം ചെറുക്കാൻ തേനീച്ച വളർത്തലുമായി അതിർത്തിരക്ഷാസേന ; ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയില്‍ 46 കിലോമീറ്റർ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്

നുഴഞ്ഞുകയറ്റം ചെറുക്കാൻ തേനീച്ച വളർത്തലുമായി അതിർത്തിരക്ഷാസേന ; ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയില്‍ 46 കിലോമീറ്റർ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്

കൊല്‍ക്കത്ത : അതിർത്തിയിലെ നുഴഞ്ഞുകയറ്റം ചെറുക്കാൻ തേനീച്ച വളർത്തലുമായി അതിർത്തിരക്ഷാസേന. പശ്ചിമബംഗാളില്‍ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന 46 കിലോമീറ്റർ ദൂരത്തിലാണ് ബി.എസ്.എഫ് തേനീച്ച കൂടുകള്‍ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയൻ ആണ് ഇവിടെ അതിർത്തികാക്കുന്നത്.

ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയില്‍ 46 കിലോമീറ്റർ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്. ഇതോടെ, നേരത്തെ ദിനേനയെന്നോണമുണ്ടായിരുന്ന നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. കേന്ദ്രസർക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബർ മുതലാണ് തേനീച്ചക്കൂട് സ്ഥാപിക്കാൻ ആരംഭിച്ചതെന്ന് 32-ാം ബെറ്റാലിയന് നേതൃത്വം നല്‍കുന്ന കമാൻഡന്റ് സുജീത് കുമാർ പറഞ്ഞു.

ബംഗ്ലാദേശികള്‍ വേലി മുറിച്ച്‌ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നതിന് തടയിടാൻ വഴികള്‍ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ശ്രദ്ധയില്‍പ്പെട്ടതെന്ന് സുജീത് കുമാർ പറഞ്ഞു. കാലിക്കടത്തടക്കം നേരത്തെ അതിർത്തിവഴി നടത്തിയിരുന്നു. തേനീച്ചകളെ സ്ഥാപിച്ചതോടെ ഇത് ഏതാണ്ട് ഇല്ലാതായെന്നാണ് ബി.എസ്.എഫ്. സാക്ഷ്യപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ മറ്റ് യൂണിറ്റുകളില്‍നിന്നും ആളുകള്‍ ഈ രീതി പഠിക്കാൻ വരുന്നുണ്ടെന്ന് കമാൻഡന്റ് സുജീത് കുമാർ പറഞ്ഞു. വിരമിച്ചാല്‍ ജവാന്മാർക്ക് തേനീച്ച വളർത്തല്‍ വരുമാനമാർഗമായി സ്വീകരിക്കാൻ കൂടെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തേനീച്ച വളർത്തല്‍ ആരംഭിച്ചതോടെ അതിർത്തി കടന്നെത്തുന്ന മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ശല്യത്തില്‍ കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു.

വൈബ്രന്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ബി.എസ്.എഫ്. അതിർത്തി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴില്‍നൈപുണി പരിശീലനവും നല്‍കുന്നുണ്ട്. തയ്യല്‍, ബാങ്കിങ്, പാചകം, അഗർബത്തി നിർമാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. കദിപുർ ഔട്ട്പോസ്റ്റിന് സമീപം സ്ത്രീകള്‍ നടത്തുന്ന ബേക്കറി ആരംഭിച്ചു. 12 പേർവരെ ഉള്‍പ്പെടുന്ന ഓരോ ബാച്ചിന് 10 ദിവസമാണ് തയ്യല്‍ പരിശീലനം നല്‍കുന്നത്. ബി.എസ്.എഫിന്റെ തയ്യല്‍ക്കാരാണ് പരിശീലകർ.

ഇതിനെല്ലാം പുറമേ, പൂ കൃഷിയും മത്സ്യക്കൃഷിയും ബി.എസ്.എഫ്. നടത്തുന്നുണ്ട്. കൂണ്‍ കൃഷി ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇത്തരത്തില്‍ കൃഷിചെയ്യുന്ന കൂണ്‍ ജവാന്മാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗ്രാമീണരെ സ്വയം പര്യാപ്തരാക്കി, അതിർത്തി കടന്നുള്ള കള്ളകടത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സേനയില്‍ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പണ്‍ ജിമ്മുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി ശൗചാലയങ്ങള്‍ ആരംഭിച്ചു. മോഡല്‍ 32 എന്ന പേരിലാണ് ബി.എസ്.എഫ്. 32-ാം ബെറ്റാലിയന്റെ പദ്ധതികളെ അറിയപ്പെടുന്നത്. സേനയില്‍ തദ്ദേശീയർക്ക് വിശ്വാസം വർധിപ്പിക്കുന്നതിന്റേയും ഗ്രമീണരുടെ കൂടെ പങ്കാളിത്തം ഉറപ്പുവരുത്തി അതിർത്തി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.