ആലപ്പുഴ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ പ്രതിഷേധം: 47 അംഗങ്ങൾ രാജിവെച്ചു
ആലപ്പുഴ: ആലപ്പുഴ സിപിഐഎം ലോക്കൽ കമ്മിറ്റി പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. അരൂക്കുറ്റി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വോട്ട് മണ്ഡലത്തിൽ ലഭിച്ചതിന് പിന്നിൽ സിപിഐഎം വോട്ടുകളുടെ ചോർച്ചയാണെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് രാജിവെച്ച അംഗങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജില്ലാ നേതൃത്വം പരാജയമാണെന്നും ജില്ലാ നേതൃത്വം ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും പ്രവർത്തകർ പറഞ്ഞു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി കൈമാറിയിരുന്നു.
ലോക്കൽ കമ്മിറ്റി പുനഃസംഘടനയിൽ പ്രതിഷേധിച്ച് പഴയ അരൂക്കുറ്റി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളിൽ നിന്ന് 47 പേരാണ് രാജി വെച്ചത്. അരൂക്കുറ്റി ലോക്കൽ കമ്മിറ്റി വിഭജിച്ച് വടുതല ലോക്കൽ കമ്മിറ്റി രൂപീകരിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. മധുരക്കുളം, കുടവറ, കുടവറഈസ്റ്റ് ബ്രാഞ്ചുകളിൽ നിന്നുള്ളവരാണ് പാർട്ടി അംഗത്വം രാജി വെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് രാജിവെച്ച അംഗങ്ങൾ പറഞ്ഞു. പാർട്ടിയെ ഛിന്നഭിന്നമാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സംഘടന പ്രവർത്തനത്തിലെ വീഴ്ചകൾ കാരണമാണ് തിരഞ്ഞെടുപ്പിന് തിരിച്ചടിയായതെന്നും ചൂണ്ടിക്കാട്ടി.