സഹോദരിയെ കളിയാക്കിയ യുവാവിനെ ആങ്ങളയും സുഹൃത്തുകളും നടുറോഡിലിട്ട് തല്ലി: തല്ലു കിട്ടിയത് കാരാപ്പുഴ സ്വദേശിയ്ക്ക്;  സംഭവം നഗരമധ്യത്തിൽ കല്യാൺ സിൽക്ക്‌സിന് മുന്നിൽ

സഹോദരിയെ കളിയാക്കിയ യുവാവിനെ ആങ്ങളയും സുഹൃത്തുകളും നടുറോഡിലിട്ട് തല്ലി: തല്ലു കിട്ടിയത് കാരാപ്പുഴ സ്വദേശിയ്ക്ക്; സംഭവം നഗരമധ്യത്തിൽ കല്യാൺ സിൽക്ക്‌സിന് മുന്നിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: സഹോദരിയെ കളിയാക്കിയ യുവാവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് നടുറോഡിലിട്ട് മർദിച്ചു. നഗരമധ്യത്തിൽ എം.സി റോഡിൽ കല്യാൺ സിൽക്ക്‌സിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അടിയെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവുമുണ്ടായി.
കഴിഞ്ഞ ദിവസം നഗര പരിധിയിലെ കോളേജിലെ വിദ്യാർത്ഥിയായ പെൺകുട്ടിയെ ബസ് സ്റ്റോപ്പിൽ വച്ച് യുവാവ് ശല്യം ചെയ്തിരുന്നു. മോശമായ പരാമർശത്തോട് കൂടിയ കമന്റടിക്കുകയായിരുന്നു. ഇതേ തുടർന്ന് കരഞ്ഞു വീങ്ങിയ കണ്ണുമായി വീട്ടിലെത്തിയ പെൺകുട്ടി കാര്യം സഹോദരനോട് പറഞ്ഞു. സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് ശല്യക്കാരനായ യുവാവിനെ കണ്ടെത്തിയത്. തുടർന്ന് യുവാവിനെ തിരക്കി സഹോദരനും ആറംഗ സുഹൃത്തുക്കളും ഇറങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ നഗരത്തിലെത്തിയ സഹോദരനും, സുഹൃത്തുക്കളും അഞ്ചരയോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാവും രണ്ടു സുഹൃത്തുക്കളും ഈ സമയം എം.സി റോഡിൽ ടിബിയ്ക്കു സമീപം കല്യാൺ സിൽക്ക്‌സിന്റെ മുന്നിലൂടെ നടന്നു വരികയായിരുന്നു. ഇവിടെ യുവാവിനെ തടഞ്ഞു നിർത്തിയ സഹോദരൻ മുഖമടച്ച് ഒരു അടി നൽകി. ഒപ്പമുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും, സഹോദരന്റെ കൂടെ വന്ന സുഹൃത്തുക്കൾ അവരെ തടഞ്ഞു. കാര്യം മനസിലായതോടെ തല്ലുകൊണ്ട യുവാവിന്റെ സുഹൃത്തുക്കളും പിൻ വാങ്ങി. നന്നായി തല്ല് കൊടുത്ത ശേഷം പെങ്ങളെ ശല്യം ചെയ്ത് യുവാവിനെ സഹോദരൻ വിട്ടയച്ചു. അപ്രതീക്ഷിതമായി കല്യാൺ സിൽക്ക്‌സിന്റെ മുന്നിൽ അടിയുണ്ടായതോടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ അടക്കമുള്ളവർ ഇവിടെ തടിച്ചു കൂടി. ഇതോടെ അൽപ നേരം എം.സി റോഡും തടസപ്പെട്ടു. സംഘം പിരിഞ്ഞ് പോയതിനു ശേഷമാണ് അടി കൊണ്ടവരും കൊടുത്തവരും സ്ഥലം വിട്ടത്.