നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അമ്മയും മകളും മരിച്ചു

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ: മീൻ ലോറി പാഞ്ഞുകയറി വൃദ്ധയ്ക്കും, മകൾക്കും ദാരുണാന്ത്യം. കൊടുങ്ങല്ലൂരിൽ അമിതവേഗത്തിൽ വരികയായിരുന്ന മീൻലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയും മകളുമാണ് മരിച്ചത്. ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് അപകടം നടന്നത്.
കൊടുങ്ങല്ലൂർ കറപ്പംവീട്ടിൽ ഹുസൈൻ ഭാര്യ നദീറ (60), മകൾ നിഷ (39) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ വരികയായിരുന്ന മീൻ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തൽക്ഷണം മരിച്ചു. മകൾ നിഷ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.നിയന്ത്രണം വിട്ട ലോറി തൊട്ടരികിലൂടെ പോയിരുന്ന കാറിനെയും ഇടിച്ച് തൊട്ടടുത്തുള്ള വീടിൻറെ മതിലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ മതിൽ തകരുകയും ചെയ്തു.