video
play-sharp-fill
കൈക്കൂലിക്കേസിൽ കോട്ടയം നഗരസഭ എൻജിനീയറെ കുടുക്കി ഹൈക്കോടതിയുടെ വിധി: നഗരസഭ എൻജിനീയർ എം.പി ഡെയ്‌സി കൈക്കൂലി ചോദിക്കുന്ന ശബ്ദം തെളിവെന്നു കോടതി വിധി; കൈക്കൂലിക്കേസിൽ നിർണ്ണായക തെളിവുമായി കോടതി വിധി

കൈക്കൂലിക്കേസിൽ കോട്ടയം നഗരസഭ എൻജിനീയറെ കുടുക്കി ഹൈക്കോടതിയുടെ വിധി: നഗരസഭ എൻജിനീയർ എം.പി ഡെയ്‌സി കൈക്കൂലി ചോദിക്കുന്ന ശബ്ദം തെളിവെന്നു കോടതി വിധി; കൈക്കൂലിക്കേസിൽ നിർണ്ണായക തെളിവുമായി കോടതി വിധി

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭ ഓഫിസിലിരുന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ നഗരസഭ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതിയുടെ നിർണ്ണായക വിധി. അഴിമതിക്കേസിൽ ശബ്ദപരിശോധനാ ഫലം തെളിവായി സ്വീകരിക്കാമെന്ന നിർണ്ണായക വിധിയാണ് ഇപ്പോൾ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ കുടുങ്ങിയത് കോട്ടയം നഗരസഭ ഓഫിസിലിരുന്ന കൈക്കൂലി വാങ്ങിയ എൻജിനീയറാണ്.

ശബ്ദപരിശോധന മാനസിക പരിശോധനയാണെന്നും അനുവാദമില്ലാതെ ശബ്ദസാമ്പിൾ ശേഖരിക്കുന്നതു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തള്ളിയാണു ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ കോട്ടയം നഗരസഭ മുൻ അസി. എൻജിനീയർ എം.പി. ഡെയ്സി സമർപ്പിച്ച ഹർജിയാണു തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലേക്കുള്ള റോഡ് മണ്ണിട്ടുയർത്തിയെന്ന പരാതിയിൽ അനുകൂല റിപ്പോർട്ട് നൽകുന്നതിനു 2,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങിയെന്നാണു കേസ്. ഡെയ്സിയുടെ ശബ്ദപരിശോധന ആവശ്യപ്പെട്ടുള്ള വിജിലൻസിന്റെ അപേക്ഷ അനുവദിച്ച കോട്ടയം വിജിലൻസ് കോടതി ശബ്ദപരിശോധനയ്ക്കായി ജനുവരി 21 നു തൃക്കാക്കര ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാവാൻ നിർദേശിച്ചിരുന്നു.

ഈ നടപടി ചോദ്യംചെയ്താണു ഡെയ്സി ഹൈക്കോടതിയിൽ എത്തിയത്. ഏതു വ്യക്തിയുടെയും മാനസിക പരിശോധന നടത്താൻ അയാളുടെ അനുമതി വേണമെന്നു നിയമമുണ്ടെന്നിരിക്കേ, ശബ്ദ പരിശോധനയും ഇതിൽപെടുമെന്നായിരുന്നു വാദം.

മാനസിക പരിശോധനയ്ക്കു പ്രതിയുടെ അനുവാദം വേണമെന്നും ശാസ്ത്രീയ പരിശോധനകൾക്കു വേണ്ടെന്നും 2010ൽ സുപ്രീം കോടതി വിധിച്ചിരുന്നു. ശബ്ദപരിശോധനാ ഫലം ശാസ്ത്രീയ തെളിവായി സ്വീകരിക്കാമെന്ന 2019 ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണു ശബ്ദപരിശോധനക്കു വിജിലൻസ് കോടതി നിർദേശം നൽകിയത്.

2010 ലെ വിധിയിൽ ശബ്ദ സാമ്പിൾ പരിശോധനയെപ്പറ്റി പറയുന്നില്ലെന്നും ഒടുവിലത്തെ സുപ്രീംകോടതി ഉത്തരവാണു നിലനിൽക്കുകയെന്നും വിജിലൻസിനുവേണ്ടി സ്പെഷൽ ഗവ. പ്ലീഡർ എ. രാജേഷ് വാദിച്ചു. മാനസിക പരിശോധനയിൽ ശബ്ദ പരിശോധന പെടില്ല.

നാക്കോ അനാലിസിസ്, പോളിഗ്രാഫ്, ബ്രയിൻമാപ്പിങ് തുടങ്ങിയ മാനസിക പരിശോധനയിലും ശാസ്ത്രീയ പരിശോധനയിലും ശബ്ദ പരിശോധന വരുന്നില്ല. ശബ്ദപരിശോധനയ്ക്കു രാജ്യത്തു നിയമവുമില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി വഴിമുട്ടിയ കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവാകും.

കൈക്കൂലി ചോദിച്ചതും വാങ്ങിയതും തെളിയിക്കേണ്ടതിനാൽ ശബ്ദ പരിശോധന അനിവാര്യമാണ്. പലപ്പോഴും വോയ്സ് മെസേജ് വഴിയോ ഫോൺ വിളിയോ ആയിരിക്കും കൈക്കൂലി ആവശ്യപ്പെടുക. എന്നാൽ ശബ്ദപരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമാണെന്ന കാരണത്താൽ ശബ്ദ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല.

ഒരു പ്രതി അയാൾക്കെതിരേ തെളിവു നൽകുന്നത് ഭരണഘടന അനുച്ഛേദം 20(3) വിലക്കുന്നുണ്ട്. ഇതിന്റെ മറവിലാണു പ്രതികൾ ശബ്ദ പരിശോധന ഒഴിവാക്കിയിരുന്നത്. രാജ്യത്ത് വിവിധ കോടതികളിൽ ശബ്ദപരിശോധന ആവശ്യപ്പെട്ട് അന്വേഷണ ഏജൻസികളും പ്രതികളും നൽകിയ ഹർജികൾ കെട്ടിക്കിടക്കുകയാണ്.

മാവോയിസ്റ്റ് രൂപേഷിന്റെ കേസിലും ശബ്ദപരിശോധന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ല. ഇതോടെ ഇത്തരം കേസുകളിൽ അടക്കം നിർണ്ണായകമായും ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഈ ഉത്തരവ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകളിൽ നിർണ്ണായകമായ നീക്കങ്ങൾ ഇനിയുണ്ടാകും.