ബ്രഹ്മപുരം തീപിടുത്തം; തിരക്കിട്ട് ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിൽ വ്യാപക പ്രതിഷേധം; സ്ഥലം മാറ്റം ദുരൂഹമെന്ന്ന്ന് മുൻ ഡിജിപി ജേക്കബ് തോമസ് ; ഡോ. രേണു രാജിനെ ഇരുട്ടത്തു നിർത്തി യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള തന്ത്രമോ?
സ്വന്തം ലേഖകൻ
കൊച്ചി: ഡോ. രേണു രാജിനെ ഇരുട്ടത്തു നിർത്തി യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള തന്ത്രം. ഇതു പൊളിക്കണം. കൊച്ചിയിൽ ഉയരുന്ന ജനവികാരമിതാണ്. എറണാകുളം ജില്ലാ കലക്റ്ററായിരുന്ന ഡോ. രേണു രാജിനെ എന്തിനായിരുന്നു തിരക്കിട്ട് സ്ഥലം മാറ്റിയത്? കലക്റ്ററെ രക്ഷിക്കാനോ, അതോ ബ്രഹ്മപുരം തീപ്പിടിത്തത്തിന് ഉത്തരവാദികളെ രക്ഷിക്കാനോ? തീപ്പിടിത്തം സംഭവിച്ച് പത്താം ദിവസത്തിലും ഉയരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഈ സ്ഥലം മാറ്റം ദുരൂഹമാണെന്ന് മുൻ ഡിജിപി ജേക്കബ് തോമസ് ആരോപിച്ചിരുന്നു.
തീപ്പിടിത്തുമുണ്ടായ മാർച്ച് രണ്ടിനു തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ തീ തൊട്ടടുത്ത ദിവസം നിയന്ത്രിക്കമായിരുന്നു. പൊലീസിനും അഗ്നിശമന വിഭാഗത്തിനും ആവശ്യമായ നിർദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ വിഭാഗം മേധാവി എന്ന നിലയിൽ ജില്ലാ കലക്റ്ററുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്ന ആരോപണം തുടക്കം മുതലുണ്ട്. ബ്രഹ്മപുരം പ്ലാന്റിലെ തീ തുടരാനും കൂടുതൽ മാലിന്യങ്ങൾ യാദൃച്ഛികമായി കത്തി നശിച്ചതാണ് എന്നു വരുത്തി തീർക്കാനുമുള്ള ശ്രമമാണ് ഉന്നതങ്ങളിൽ നടന്നത്. ഇതിനു പിന്നിൽ ഭരണപക്ഷത്തെ വളരെ ഉന്നത ഇടപെടലുകളുണ്ടായി എന്ന് വ്യക്തം. തലമുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വന്റെ മകളും മരുമകനും ഉൾപ്പെട്ട കരാർ കമ്പനിക്കും ഇവരെ ഇടനിലക്കാരാക്കിയ സിപിഎം- ഉദ്യോഗസ്ഥ ലോബിക്കും വൻ സാമ്പത്തിക നേട്ടമുണ്ടാക്കാനായിരുന്നു ഈ വഴിവിട്ട നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാൻ ജില്ലാ കലക്റ്ററോടു നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഡോ. രേണു രാജ് ഹാജരായില്ല. കലക്റ്റർ ഹാജരായാൽ യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തുകയോ അല്ലെങ്കിൽ സ്വയം കുറ്റങ്ങൾ ഏറ്റു പറയുകയോ ചെയ്യേണ്ടിവരുമെന്ന അവസ്ഥയിൽ വളരെ താഴ്ന്ന പ്രൊഫൈലിലെ ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാക്കി.
അതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പിന്നാലെയാണ് ഡോ. രേണു രാജിനെ എറണാകുളത്തു നിന്ന് വയനാട്ടിലേക്കു സ്ഥലം മാറ്റിയത്. അതുവഴി രണ്ടു നേട്ടങ്ങളാണ് തൽപ്പര കക്ഷികൾക്ക് ഉണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണങ്ങൾ കോടതിയുടെ മുന്നിലേക്കു വരാതെ പിടിച്ചു നിർത്താം. അതുവഴി ഡോ. രേണു രാജിനെ രക്ഷപ്പെടുത്തുകയും ചെയ്യാം.