
സ്തനാർബുദ ശസ്ത്രക്രിയക്കു വിധേയരായവർക്ക് ആത്മവിശ്വാസത്തിന്റെ കവചമായി നെയ്തെടുത്ത മാറിടങ്ങള്‍; ശസ്ത്രക്രിയയ്ക്ക് ശേഷം മാറിടം നീക്കിയവരുടെ ജീവിതത്തിന് വെളിച്ചമേകി ‘സായ്ഷ ഇന്ത്യ’ സന്നദ്ധസംഘടന
ചെന്നൈ: സ്തനാർബുദ ശസ്ത്രക്രിയക്കു വിധേയരായവർക്ക് ആത്മവിശ്വാസത്തിന്റെ കവചമായി നെയ്തെടുത്ത മാറിടങ്ങള്‍. ‘സായ്ഷ ഇന്ത്യ’ എന്ന സന്നദ്ധസംഘടനയാണ് മാറിടം നീക്കിയവരുടെ ജീവിതത്തിന് വെളിച്ചമേകുന്നത്.
ബ്രായുടെ ഉള്ളില്‍ വെക്കാവുന്ന, കമ്ബിളിനൂലുകൊണ്ടു തീർത്ത സ്തനാകൃതിയിലുള്ള നോക്കേഴ്സ് സൗജന്യമായാണ് നല്കുന്നതെങ്കിലും ഈ സേവനത്തെപ്പറ്റി ഇപ്പോഴും പൊതുസമൂഹത്തില്‍ വേണ്ടത്ര അറിവുണ്ടായിട്ടില്ല. മാറിടം നീക്കിയവരുടെ മാനസികസംഘർഷങ്ങള്‍ കണ്ടറിഞ്ഞ ജയശ്രീ രത്തനാണ് 2018-ല്‍ സായ്ഷ ആരംഭിച്ചത്.
യുഎസിലെ നിറ്റഡ് നോക്കേഴ്സുമായി ബന്ധപ്പെട്ട് നോക്കേഴ്സ് നിർമിക്കാനുള്ള പാറ്റേണ്‍ സ്വന്തമാക്കിയാണ് ക്രോഷേയും കൈത്തുന്നലും അറിയാവുന്ന ചില സുഹൃത്തുക്കളുമായിച്ചേർന്ന് ജയശ്രീ സംരംഭം തുടങ്ങിയത്. കേരളത്തില്‍ 2538 പേർ ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 22,016 പേർക്ക് നോക്കേഴ്സ് നല്‍കാനായി. നോക്കേഴ്സ് തയ്യാറാക്കാനുള്ള പരുത്തിനൂല് ഗോവ, വഡോദര എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോക്കേഴ്സിനുള്ളില് നിറയ്ക്കുന്ന റെക്രോണ്‍ ഫൈബറിന് പാർശ്വഫലങ്ങളില്ല. കഴുകിയുണക്കി വീണ്ടും ഉപയോഗിക്കാം. ഒരു സ്തനം നീക്കിയവർക്ക് രണ്ടു നോക്കേഴ്സ് നല്‍കും. ഒരു നോക്കറിന്റെ കാലാവധി രണ്ടുവർഷമാണ്. സായ്ഷയെ അറിയിച്ചാല്‍ പുതിയതു നല്‍കും. നോക്കേഴ്സിനെപ്പറ്റി ബോധവത്കരണം നടത്താൻ സന്നദ്ധപ്രവർത്തകർ വിരളമാണെന്നതാണ് സായ്ഷയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
നിലവില്‍ 466 വൊളന്റിയർമാരുണ്ട്. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും 85 പേരും കർണാടകയില്‍ 56 പേരുമുള്ളപ്പോള്‍ കേരളത്തില്‍ ആറു പ്രവർത്തകർമാത്രം. അതുകൊണ്ടുതന്നെ ചെന്നൈ മേഖലയ്ക്കു കീഴില്‍ ഇവർക്കു പ്രവർത്തിക്കേണ്ടിവരുന്നു. നോക്കേഴ്സ് സൗജന്യമായി കൊടുത്തിട്ടും കേരളത്തിലെ അർബുദ ആശുപത്രികള്‍ മുഖംതിരിക്കുന്നത് വിഷമകരമാണെന്ന് കേരളത്തിലെ വൊളന്റിയറായ തിരുവനന്തപുരം സ്വദേശി വല്‍സാ മാത്യു പറഞ്ഞു.
”പണമുള്ളവർക്ക് സ്തനാർബുദ ശസ്ത്രക്രിയക്കുശേഷം ചെലവേറിയ സിലിക്കോണ്‍ നോക്കേഴ്സ് വാങ്ങാം. എന്നാല്‍, പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവർക്ക് സൗജന്യ നോക്കേഴ്സ് വലിയ ആശ്വാസമാണ്. അത് ലഭ്യമാക്കാൻ വഴിയൊരുക്കേണ്ടത് ഡോക്ടർമാരും ആശുപത്രികളുമാണ്. നോക്കേഴ്സുമായി കേരളത്തിലെ പ്രമുഖ അർബുദ ചികിത്സാകേന്ദ്രങ്ങളെ സമീപിച്ചപ്പോള്‍ തിക്താനുഭവങ്ങളാണുണ്ടായത്. വിതരണം ചെയ്ത ആശുപത്രികളാകട്ടെ, കൃത്യമായി പ്രതികരണങ്ങളറിയിക്കുന്നില്ല. അതേസമയം, ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സായ്ഷയുടെ സേവനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്” -വല്‍സാ മാത്യു പറഞ്ഞു.
സായ്ഷയുമായി നേരിട്ടു ബന്ധപ്പെടുന്നവർക്കും സൗജന്യമായി നല്‍കും. വെബ്സൈറ്റ് www.saaishaindia.org . ബന്ധപ്പെടേണ്ട നമ്ബർ: 9400642453 (വല്‍സാ മാത്യു), 9895806926 (ശ്രീലേഖാ നായർ), 7700990212 (ജയശ്രീ)