
‘പേടിക്കണ്ട ഉമ്മീ, കുഞ്ഞാപ്പുവിനെ കിട്ടി’, കിണറ്റില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്ത് ചാടി പതിനഞ്ചുകാരൻ ; കുഞ്ഞനുജനെ രക്ഷിച്ചത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി
കൊച്ചി : മുപ്പത്തഞ്ചടി ആഴമുളള കിണറ്റില്‍ വീണ രണ്ടര വയസുകാരന് രക്ഷകനായി പതിനഞ്ചു വയസുകാരന്‍ വല്യേട്ടന്‍. സ്വന്തം ജീവന്‍ പണയം വെച്ചും അനിയനെ രക്ഷിക്കാന്‍ കാട്ടിയ ധൈര്യം, കൊച്ചി തൃക്കാക്കര കരിമക്കാട്ടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഫര്‍ഹാനെ താരമാക്കിയിരിക്കുകയാണ്.
തൃക്കാക്കര കരിമക്കാട് കളപ്പുരയ്ക്കല്‍ കെ.എം. ഷെഫീക്കിന്റെ യും അനീഷയുടെയും ഇളയ മകൻ മുഹമ്മദ് ആണ് വീട്ടുവളപ്പിലെ കിണറ്റില്‍ വീണത്. തൊട്ടുപിന്നാലെ ദമ്ബതികളുടെ മൂത്തമകൻ മുഹമ്മദ് ഫർഹാൻ (15) കിണറ്റില്‍ ചാടി അനിയനെ രക്ഷപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ടെത്തിയ മറ്റു സഹോദരങ്ങളായ സൗബാൻ (12), ഫാത്തിമ (10) എന്നിവർക്കൊപ്പം ആള്‍മറയുള്ള കിണറിനു സമീപം ഇരുന്നു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരൻ മുഹമ്മദ് കിണറ്റിലേക്ക് എത്തി നോക്കിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം മാതാവ് അനീഷയും മൂത്ത മകൻ മുഹമ്മദ് ഫർഹാനും വീടിനകത്തായിരുന്നു. സഹോദരങ്ങളുടെ നിലവിളി കേട്ട് ഓടിയെത്തിയ അനീഷ നോക്കുമ്ബോള്‍ 20 അടി താഴ്ചയും അഞ്ചടിയിലേറെ വെള്ളവുമുള്ള കിണറ്റില്‍ മുങ്ങി താഴുകയായിരുന്നു കുട്ടി. കിണറ്റിലേക്ക് ഇറങ്ങാൻ നോക്കിയ മാതാവിനെ മാറ്റി മുഹമ്മദ് ഫർഹാൻ എടുത്തു ചാടുകയായിരുന്നു. മുങ്ങിത്താഴ്ന്ന അനിയനെ തോളിലേറ്റി മുകളിലേക്ക് ഉയർത്തി നിർത്തി. പിന്നാലെ സംഭവമറിഞ്ഞ് തൃക്കാക്കര ഭാരത മാതാ കോളേജിനു സമീപം വെല്‍ഡിങ് ജോലി ചെയ്യുകയായിരുന്ന പിതാവ് ഷെഫീക്കും ഇദ്ദേഹത്തിന്റെ സഹായിയായ അതിഥി തൊഴിലാളിയും സ്ഥലത്തെത്തി. ഇവർ കിണറ്റില്‍ ഇറങ്ങി രണ്ടു കുട്ടികളെയും കൈയില്‍ എടുത്തു നിന്നു.
കിണറ്റില്‍നിന്ന് ആദ്യം നാട്ടുകാരുടെ സഹായത്തോടെ ഫർഹാനെ കയറിലൂടെ മുകളിലെത്തിച്ചു. പിന്നാലെയെത്തിയ തൃക്കാക്കര അഗ്നിരക്ഷാ സേന വലിയ കുട്ട കിണറ്റില്‍ ഇറക്കി ഇളയ കുട്ടിയെയും പിതാവിനെയും അതിഥിത്തൊഴിലാളിയെും രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിലെ ചാട്ടത്തിനിടെ വെള്ളത്തിന്റെ അടിയിലെ പാറയില്‍ കൊണ്ട് ഫർഹാന്റെ വലതുകാലിന് പൊട്ടലുണ്ടായി. തൃക്കാക്കര മേരിമാതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഫർഹാൻ. രണ്ടര വയസ്സുകാരന് പരിക്കുകള്‍ ഒന്നുമില്ലെന്ന് പിതാവ് ഷെഫീക് പറഞ്ഞു. സംഭവത്തിന്റെ നടുക്കം മാറിയില്ലെങ്കിലും മക്കളെ ജീവനോടെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. തൃക്കാക്കര ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ എം. ഷിജാം, ഫയർ ഓഫീസർമാരായ പി.ആർ. ബാബു, എസ്. ദീപു, രഞ്ജിത്ത്, എം. മനു എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.