
യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്റെ ഭൗതികശരീരം മെഡിക്കല്‍ കോളജിനു കൈമാറും: പിതാവ്
സ്വന്തം ലേഖകൻ
ബെംഗളൂരു: യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ അറിയിച്ചു.
ദാവന്‍ഗരെയിലെ എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് മൃതദേഹം കൈമാറുക. നവീന്റെ ഭൗതികശരീരം തിങ്കളാഴ്ച ബെംഗൂരുവില്‍ എത്തിക്കുമെന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
അവസാനമായി മകന്റെ മുഖം കാണാന്‍ കഴിയുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ക്കു നന്ദി പറയുന്നുവെന്നും ശേഖരപ്പ പറഞ്ഞു. ഭൗതികശരീരം വീട്ടിലെത്തിച്ച് പൂജകള്‍ ചെയ്ത ശേഷം മെഡിക്കല്‍ കോളജിനു കൈമാറും – ശേഖരപ്പ പറഞ്ഞു. തിങ്കളാഴ്ച 11 മണിയോടെ ഭൗതികശരീരം ചാലഗേരിയില്‍ എത്തിക്കുമെന്ന് നവീന്റെ സഹോദരന് ഹര്‍ഷ അറിയിച്ചു. യുക്രെയ്നിലെ നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം പോളണ്ടിലെ വാഴ്സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച് 21ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ കെംപഗൗഡെ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്ത്യകര്‍മങ്ങള്‍ക്കായി മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ യുക്രെയ്ന് അധികൃതരുമായി ചര്‍ച്ച നടത്തുകയായിരുന്നു.
ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. യുക്രെയ്നിലെ ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. മാര്‍ച്ച് 1ന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.