വീടാക്രമിക്കാൻ എത്തിയ യുവാവിന്റെ കൈയിലിരുന്ന അമിട്ട് പൊട്ടി ഗുരുതര പരിക്ക് ; സംഭവം യുവാക്കൾ വീടിന് നേരെ കല്ലേറ് നടത്തി രക്ഷപ്പെടുന്നതിനിടയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വീടാക്രമിക്കാൻ എത്തിയ യുവാവിന്റെ കൈയിലിരുന്ന അമിട്ട് പൊട്ടി ഗുരുതര പരിക്ക്. ബൈക്കിലെത്തിയ യുവാക്കൾ വീടിന് നേരെ കല്ലേറ് നടത്തി രക്ഷപ്പെടുന്നതിനിടെയിൽ യുവാവിന്റെ കൈയിലിരുന്ന അമിട്ട് പൊട്ടുകയായിരുന്നു.

ആൽത്തറമൂട് വടക്കേവയലിലാണ് സംഭവം.വടക്കേവയൽ സിന്ധു സദനത്തിൽ രതിരാജന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. കടയ്ക്കൽ സ്വദേശികളായ വിഷ്ണുലാൽ (29), വിശാഖ് (23) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിട്ട് പൊട്ടി വിഷ്ണുലാലിന്റെ ഇടത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ പൊലീസ് കാവലിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബൈക്കിലെത്തിയ സംഘം വീടിന് നേരേ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ജനൽ ചില്ലുകൾ പൊട്ടി. ജനൽ ചില്ല് പൊട്ടിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോൾ സമീപത്തായി അമിട്ടുപൊട്ടിത്തെറിക്കുകയും അവിടെ നിന്നവർ ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.

കടയ്ക്കൽ സി.ഐ.ഗിരിലാൽ, എസ്.ഐ.സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വഷണം നടത്തി.