play-sharp-fill
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും തലയൂരാൻ ഫ്രാങ്കോയ്ക്കായില്ല: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും തലയൂരാൻ ഫ്രാങ്കോയ്ക്കായില്ല: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി

എ.കെ ജനാർദനൻ

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കേസിൽ ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. കോടതി മുമ്പാകെ നൽകിയ ഹർജിയിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.


ഇരയായ കന്യാസ്ത്രീയുടെ പരാതിയും മൊഴിയും വിശ്വാസീനമല്ലെന്നും
‘ബലാൽസംഗം ചെയ്തു എന്ന് ആരോപിക്കുന്ന തീയതികൾ കൃത്രിമമാണെന്നുമായിരുന്നു വിടുതൽ ഹർജിയിൽ ഫ്രാങ്കോയ്ക്കു വേണ്ടി പ്രതിഭാഗം ഉയർത്തിയിരുന്ന വാദം. ബലാൽസംഗം നടന്നു എന്നു പറയുന്ന തീയതിയ്ക്ക് ശേഷവും പ്രതിയും ഇരയും ഒരുമിച്ച് പരിപാടികളിലും യാത്രകളിലും പങ്ക് എടുത്തിട്ടുണ്ടെന്നതായിരുന്നു മറ്റൊരു വാദം. ഈ വാദങ്ങൾ ഒന്നും വിടുതൽ ഹർജിയിൽ കോടതി അംഗീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പ് കന്യാസ്ത്രീ മഠത്തിൻ്റെ അധികാരി അല്ലെന്നും , സാക്ഷികൾ സഭയക്ക് എതിരെ നിൽക്കുന്നവർ ആണെന്നും , അവരെ വിശ്വസിക്കുവാൻ പാടില്ലന്നും പ്രതി ഭാഗം വാദിച്ചു. എന്നാൽ ഇരയായ കന്യാസ്ത്രീ താൻ നൽകിയ പരാതിയിലും പോലീസിന് നൽകിയ മൊഴികളിലും മജിട്രേസ്റ്റ് മുമ്പാകെ നൽകിയ മൊഴിയിലെയും കാര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് കൃത്യമായും വ്യക്തമായും മൊഴി നൽകിയിട്ടുള്ളതാണെന്നതായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.

ഈ കാര്യത്തെ കുറിച്ച് കുറവിലങ്ങാട്ട് പള്ളി വികാരി മുതൽ മാർപ്പാപ്പ വരെയുള്ള സഭ മേലധികാരികൾക്ക് നൽകിയ വിവിധ പരാതികളും കോടതിയിൽ തെളിവായി ഹാജരാക്കി. കോടതി മുമ്പാകെ നൽകിയ തെളിവുകൾ കന്യാസ്ത്രീയുടെ മൊഴിയെ വിശ്വാസത്തിലെടുക്കാൻ തക്കതാണെന്നും
മെഡിക്കൽ റിപ്പോർട്ട് ബലാൽസംഘം നടന്ന കാര്യം സാധൂകരിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മറ്റ് സാക്ഷികളുടെ പോലീസിന് കൊടുത്ത മൊഴിയിലും മജിട്രേറ്റുമാർക്ക് കൊടുത്ത മൊഴികളിലും കൃത്യതയും വ്യക്തതയും ഉണ്ട്.
കന്യാസ്ത്രീക്കെതിരെയും അവരെ പിൻതുണച്ച സാക്ഷികൾക്ക് എതിരെയും പ്രതിയായ ബിഷപ്പ് തൻ്റെ അധികാര ഉപയോഗിച്ച് എടുത്ത് പ്രതികാര നടപടിയുടെ തെളിവുകൾ കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

പ്രതിയായ ബിഷപ്പിൻ്റെ പ്രവർത്തികൾ ഒരു ബിഷപ്പിന് യോജിച്ചതല്ലായിരുന്നുവെന്നും ആദ്ധ്യാത്മിക ഉന്നമനം അല്ല ലൈംഗിക താല്പര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് ബിഷപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് സാക്ഷിമൊഴികൾ തെളിയിക്കുന്നു.

വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്നും സാക്ഷിമൊഴികൾ കൊണ്ടും റിക്കാർഡുകൾ കൊണ്ടും കേസ്സ് നിലനിൽക്കുന്നതാണെന്നും പ്രതിക്ക് എതിരെ കുറ്റം ചാർത്തി ഉടനെ വിചാരണ പൂർത്തീകരിക്കണമെന്നും പ്രാസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് കോടതി പ്രതിഭാഗത്തിൻ്റെ വിടുതൽ ഹർജി തള്ളിയത്.

പ്രാസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രാസിക്യൂട്ടർ അഡ്വ ജിതേഷ് ജെ ബാബുവാണ് കോടതിയിൽ ഹാജരായത്. പ്രതിയായ ബിഷപ്പിന് വേണ്ടി സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഹൈക്കോടതി അഭിഭാഷനായ വി.ബി സുജേഷ് മേനോൻ ,സി.എസ്സ് അജയൻ എന്നിവർ ഹാജരായി.