ബിഷപ്പ് ഫ്രാങ്കോ കേസിൽ വിചാരണ ഉടൻ: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; മേയ് പത്തിന് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ നേരിട്ട് ഹാജരാകണം

ബിഷപ്പ് ഫ്രാങ്കോ കേസിൽ വിചാരണ ഉടൻ: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; മേയ് പത്തിന് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ നേരിട്ട് ഹാജരാകണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്. മേയ് പത്തിന് പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കേസിൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഇപ്പോൾ കേസ് കോടതി പരിഗണിക്കുന്നത്.
കേസിൽ കന്യാസ്ത്രീയുടെ പരാതി പുറത്ത് വന്ന് ഒരു വർഷമാകുമ്പോഴാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. 2018 ജൂൺ 17 നാണ് ജലന്ധർ രൂപത അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ രംഗത്ത് എത്തിയത്. തുടർന്ന് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരത്തിനൊടുവിലാണ് കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് കടന്നത്. തുടർന്ന് പാലാ സബ് ജയിലിൽ ഹാജരാക്കി ബിഷപ്പ് ഫ്രാങ്കോയെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോയുടെ കേസിൽ അഡ്വ.ജിതേഷ് ജെ.ബാബുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതും. കേസിൽ കഴിഞ്ഞ മാസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി പ്രതിയ്ക്ക് സമൻസ് അയക്കാൻ ഉത്തരവിട്ടു. ഈ സമൻസിന്റെ അടിസ്ഥാനത്തിൽ മെയ് പത്തിനു പ്രതി പാലാ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ നേരിട്ട് ഹാജരാകുമ്പോൾ കോടതി കുറ്റപത്രത്തിന്റെ കോപ്പിയും, അനുബന്ധരേഖകളുടെ കോപ്പിയും പ്രതിയ്ക്ക് കൈമാറും. തുടർന്ന് വിചാരണ നടപടികൾക്കായി കേസ് കോട്ടയം ജില്ലാ കോടതിയ്ക്ക് കൈമാറും. കോടതി നടത്തിയ പ്രാഥമിക പരിശോധനയിൽ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചതും, പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് സമൻസ് അയച്ചതും.
കന്യാസ്ത്രീകളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ.ജിതേഷ് ജെ. ബാബുവിനെയാണ് സർക്കാർ കേസിന്റെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടറായി നിയമിച്ചത്. ഡിവൈ.എസ്.പി ഷാജി പ്രതിയായ പ്രവീൺ വധക്കേസ്, നാഗമ്പടം ഒറീസ ദമ്പതി വധം തുടങ്ങിയ നിരവധി കേസുകളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു അഡ്വ.ജിതേഷ് ജെ.ബാബു.