
അവസാന യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു…പക്ഷേ യാത്ര പറയാതെ പോയി !!!സുധിയുടെ ഓർമ്മയിൽ തേങ്ങി ബിനു അടിമാലി; അപകടത്തിലെ പരിക്കിൽ നിന്ന് ആരോഗ്യം വീണ്ടെടുത്ത് പ്രിയസുഹൃത്ത് സുധിയുടെ വീട്ടിലെത്തി; സുഹൃത്തിന്റെ ഇല്ലായ്മ ഉൾക്കൊള്ളാൻ കഴിയാതെ ബിനു
സ്വന്തം ലേഖകൻ
ഒരുമിച്ച് പങ്കെടുത്ത പരിപാടിയിൽ നിന്ന് മടങ്ങവേ പാതിവഴിയിൽ മരണം കവർന്നെടുത്ത പ്രിയ സുഹൃത്തിന്റെ വീട്ടിലെത്തി ബിനു അടിമാലി. യാത്ര പോലും പറയാതെ കാലയവനികൾക്കുള്ളിലേക്ക് മറഞ്ഞ ഒരുപാട് പ്രിയപ്പെട്ട സുഹൃത്തായിരുന്നു സുധി. ജീവിത്തിൽ ഒരുപാട് സങ്കടങ്ങൾക്കിടയിലും ആളുകളെ ചിരിപ്പിക്കാൻ അവന്റെ ചുണ്ടിലുള്ള ചിരി മാത്രം മതിയായിരുന്നു. സ്വപ്നങ്ങൽ പാതി വഴിയിലാക്കി പോയതോടെ നഷ്ടങ്ങളിൽ സഹപ്രവർത്തകർക്ക് ഏറെ പ്രിയപ്പെട്ടവനാണ് സുധി കൊല്ലം..
സുധിയുടെ ഓർമ്മകൾ ഇപ്പോഴും അവരെ അലട്ടുകയാണ്. അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി ആദ്യം എത്തിയത് സുധിയുടെ വീട്ടിലാണ്. ഇന്നലെയായിരുന്നു സന്ദർശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം സുധി – ബിനു അടിമാലി കോമ്പോ മലയാളികൾക്ക് പ്രിയപ്പെട്ടതായത് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലൂടെയാണ്. അഞ്ചുവർഷം മുമ്പ് ഫ്‌ളവേഴ്‌സിന്റെ മാന്ത്രിക വേദിയിൽ പിറന്ന അത്യുഗ്രൻ കോമ്പോ. മരണത്തിലേക്ക് പോകും മുമ്പും ആ കൂട്ട് കെട്ട് ചേർത്ത് പിടിച്ചിരുന്നു സുധി. വടകരയിൽ നിന്ന് ഒരുമിച്ചുള്ള മടക്കയാത്രയിൽ പ്രിയപ്പെട്ടവനെ മരണം കവർന്നത് ബിനു അടിമാലിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അപകടത്തിൽ ബിനുവിനും സാരമായ പരിക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്ന വേളയിൽ ആദ്യമെത്തിയത് സുധിയുടെ വീട്ടിലാണ്.
ബിനുവിന്റെയും സുധിയുടെയും കൂട്ട് കെട്ട് ആഴമേറിയതായിരുന്നെന്ന് ഭാര്യ രേണു പറയുന്നു. ‘സുധി ചേട്ടനും ബിനു ചേട്ടനും നല്ല കൂട്ടായിരുന്നു. അവസാന സമയവും ബിനു ചേട്ടൻ തന്നെയായിരുന്നല്ലോ ഒപ്പം’- രേണു പറഞ്ഞു.
ബിനുവിന്റെ ചികിത്സ തുടർന്ന് വരികെയാണ്. വോക്കറിൻറെ സഹായത്തോടെയെ നടക്കാൻ സാധിക്കൂ. സുധിയില്ലാത്ത വേദികളിലേക്ക് എങ്ങനെ മടങ്ങി വരുമെന്ന വേദനയാണ് സഹപ്രവർത്തകരെ വിഷമിപ്പിക്കുന്നത്.