video
play-sharp-fill

പെഹല്‍ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച്‌ തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ: കസ്റ്റഡിയിലെടുത്ത് പോലീസ്

പെഹല്‍ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച്‌ തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ: കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

ഡല്‍ഹി: രാജ്യമാകെ പെഹല്‍ഗാം ആക്രമണത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുമ്പോഴാണ് ഡല്‍ഹിയില്‍ മറ്റൊരു സംഭവം അരങ്ങേറിയത്.
ഡല്‍ഹി പോലീസിൻ്റെ കണ്‍ട്രോള്‍ റൂമിലേക്ക് ബുധനാഴ്ച അർധരാത്രിയില്‍ ഒരു ഫോണ്‍വിളി എത്തുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച്‌ തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്നായിരുന്നു വിളിച്ചയാള്‍ അവകാശപ്പെട്ടത്.

പ്രാഥമിക പരിശോധനയില്‍ വിളിച്ചയാള്‍ ഒരു ഓട്ടോ ഡ്രൈവറാണെന്ന് വ്യക്തമായി. ഉടൻ രഹസ്യാന്വേഷണ ഏജൻസികള്‍ ആളെ കണ്ടെത്തി ചോദ്യം ചെയ്യാൻ ആരംഭിച്ചു. അപ്പോഴാണ് യഥാർത്ഥ സംഭവം പുറത്തു വരുന്നത്.

താൻ മദ്യലഹരിയിലായിരുന്നെന്നും തനിക്ക് പഹല്‍ഗാം ഭീകരാക്രമണത്തെ പറ്റി വിവരങ്ങളൊന്നും അറിയില്ലായിരുന്നെന്നും അയാള്‍ പറഞ്ഞു. എങ്കിലും പോലീസ് വിടാൻ ഒരുക്കമായിരുന്നില്ല. ഇത്തരമൊരു പ്രവർത്തിക്ക് അയാളെ പ്രേരിപ്പിച്ച ഘടകവും പോലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ക്ക് മുൻപ് അയാളുടെ ഓട്ടോ റിക്ഷക്ക് ലഭിച്ച ചല്ലാനാണ് എല്ലാത്തിനും കാരണം. ആ ദേഷ്യത്തിലാണ് ഇത്തരമൊരു കാര്യത്തിന് താൻ മുതിർന്നതെന്ന് ഡ്രൈവർ തന്നെ പറഞ്ഞു. ഷക്കർപൂർ സ്വദേശിയായ 51-കാരനായ ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. അതേസമയം പോലീസിൻ്റെയും വിവിധ ഏജൻസികളുടെയും സമയം മെനക്കെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.

ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളും അതിർത്തി ചെക്ക്പോസ്റ്റുകളും കേന്ദ്രീകരിച്ച്‌ നഗരത്തിലുടനീളം പോലീസ് സുരക്ഷ വർദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സെൻസിറ്റീവ് സോണുകളില്‍ ഗതാഗത നീക്കവും നിയന്ത്രിച്ചിട്ടുണ്ട്. മാർക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാൻ ലോക്കല്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്