Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫിനുള്ളില്‍ പിണറായി വിജയനെതിരെ തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ അതല്ല സ്ഥിതി.
പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയാണ് സിപിഎം മുന്നോട്ടു പോകുന്നത്. പാര്‍ട്ടി ഘടകങ്ങളില്‍ പിണറായിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും അവര്‍ റദ്ദു ചെയ്തു കഴിഞ്ഞു. പിണറായി വിജയനെ പേടിച്ച്‌ സി.പി.എം. നേതൃത്വം ഒളിച്ചുവെക്കാന്‍ ശ്രമിച്ച കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോള്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചയായി തുറന്നടിച്ചിരിക്കുന്നത്.

video
play-sharp-fill

കേരളത്തില്‍ ഇടതുമുന്നണി നേരിട്ട വന്‍ തോല്‍വിക്ക് പ്രധാന കാരണം ജനങ്ങള്‍ക്കിടയിലുണ്ടായ കടുത്ത ‘ഭരണവിരുദ്ധ വികാരം’ ആണെന്ന് സി.പി.ഐ ഔദ്യോഗികമായി വിലയിരുത്തി. സര്‍ക്കാരിന്റെ ശൈലിക്കും ജനവിരുദ്ധ നടപടികള്‍ക്കുമെതിരെ പൊതുസമൂഹത്തില്‍ ശക്തമായ എതിര്‍പ്പുണ്ടായെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഇന്‍സൈഡ് റിപ്പോര്‍ട്ട്. പിറണായിയുടെയും സര്‍ക്കാരിന്റെയും ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ശൈലിയുമാണ് വോട്ടര്‍മാരെ ഇടതുമുന്നണിയില്‍ നിന്നും അകറ്റിയതെന്ന കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നടപടികളോട് ജന
ങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നെന്നും ഇത് തോല്‍വിയില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്ച, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച എന്നിവയും തോല്‍വിക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. താഴേത്തട്ടിലെ ചര്‍ച്ചകള്‍ വിലയിരുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്
നാളത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യ പ്രതികരണം നടത്തിയ മുതിര്‍ന്ന നേതാവ് കെ.ആര്‍. ചന്ദ്രമോഹനെ താക്കീത് ചെയ്യാനും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ചന്ദ്രമോഹനെ ശാസിക്കാനാണ് ധാരണ. മറ്റന്നാള്‍ ചേരുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനമെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണത്തിലെ പാളിച്ചകള്‍ എണ്ണിപ്പറഞ്ഞാണ് സിപിഐ രംഗത്തെത്തിയത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നതും, പെന്‍ഷന്‍ കുടിശ്ശികയും, സപ്ലൈകോയിലെ വിലക്കയറ്റവും ജനങ്ങളെ കടുത്ത അമര്‍ഷത്തിലേക്ക് നയിച്ചുവെന്ന് സി.പി.ഐ ചൂണ്ടിക്കാണിക്കുന്നു. ഭരണവിരുദ്ധ വികാരത്തിന് പുറമെ, മുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന വലിയ പാളിച്ചകളും തോല്‍വിയുടെ ആക്കം കൂട്ടിയെന്ന് സി.പി.ഐ വിലയിരുത്തുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യരല്ലാത്തവരേയും പലയിടത്തും ജനവികാരത്തിന് വിരുദ്ധമായും സ്ഥാനാര്‍ത്ഥികളാക്കിയത് തിരിച്ചടിയായി.

അതേസമയം പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും വീഴ്ചപറ്റിയെന്നും സംഘടന റിപ്പോര്‍ട്ട്. പയ്യന്നൂരില്‍ പാര്‍ട്ടിക്കകത്തെ വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത് പാര്‍ട്ടി വോട്ടു ചോര്‍ച്ചക്ക് കാരണമായി. ജില്ല കമ്മിറ്റി ശിപാര്‍ശ ചെയ്തവരുടെ പേരുകള്‍ക്ക് അനുമതി നല്‍കിയ ഘട്ടത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച പറ്റി. പയ്യന്നൂരിലെ പരാജയത്തില്‍ ആഴത്തിലുള്ള പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.

കണ്ണൂരില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല കമ്മിറ്റി അംഗവും ആലപ്പുഴയില്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം, പാലക്കാട് ജില്ലകളില്‍ മുന്‍ ജില്ല കമ്മിറ്റി അംഗങ്ങളും യു.ഡി.എഫ് ബാനറില്‍ മത്സരിച്ചത് പാര്‍ട്ടിക്കെതിരായ പ്രചാരവേല ശക്തിപ്പെടാന്‍ ഇടയാക്കി. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങള്‍ നടത്തിയെന്നും വര്‍ഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചെന്നും ഇത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ വിവിധ ഘടകങ്ങളില്‍ നടന്ന ചര്‍ച്ചയുടെ സ്വഭാവത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിക്കെതിരെ ബോധപൂര്‍വം രൂപപ്പെടുത്തിയ വിമര്‍ശനങ്ങള്‍ അതേപോലെ അവതരിപ്പിക്കാനാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പരിശ്രമിച്ചത്.

പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ മനസ്സില്‍വെച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലരുമുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങളിലും ഉപജീവന മാര്‍ഗങ്ങളിലുമുണ്ടായ ബുദ്ധിമുട്ടുകള്‍ കൃത്യമായി പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ജനങ്ങളെ മുന്നണിയില്‍നിന്ന് അകറ്റാനിടയാക്കിയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.