
മലയാളി യുവതിയെ ബംഗലൂരുവില്‍ പങ്കാളി തലയ്ക്കടിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; യുവതിക്ക് മറ്റൊരാളുമായി ഉള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണം
സ്വന്തം ലേഖകൻ
ബംഗലൂരു: മലയാളി യുവതിയെ ബംഗലൂരുവില്‍ പങ്കാളി തലയ്ക്കടിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയുടെ ചാറ്റിങ്ങിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞദിവസവും വഴക്കുണ്ടായി.ഇതേത്തുടര്‍ന്നാണ് യുവാവ് പ്രഷര്‍ കുക്കര്‍ എടുത്ത് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പത്മാവതി ദേവ (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിടെക് ബിരുദധാരിയായ കൊട്ടാരക്കര സ്വദേശി വൈഷ്ണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടില്‍ ഒരുമിച്ചു പഠിച്ച ഇരുവരും രണ്ടര വര്‍ഷമായി ബംഗലൂരുവില്‍ ഷെയര്‍ ബ്രോക്കിങ് ബിസിനസ് ചെയ്യുകയായിരുന്നു.അറസ്റ്റിലായ വൈഷ്ണവ് കൊലക്കുറ്റം സമ്മതിച്ചതായി ബേഗൂര്‍ പൊലീസ് വ്യക്തമാക്കി. ദേവയ്ക്ക് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ നിരന്തരം വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. പല തവണ ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ദേവ കൂട്ടാക്കിയില്ലെന്നും വൈഷ്ണവ് പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ ദേവയുടെ സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ചെത്തിയ ശേഷം വൈകീട്ട് നാലുമണിയോടെയാണ് വഴക്കുണ്ടായത്. പ്രഷര്‍ കുക്കറിലുണ്ടായിരുന്ന ചോറ് പ്ലേറ്റിലേക്ക് മാറ്റിയശേഷം, കുക്കര്‍ കൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
യുവതി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.ന്യൂ മൈക്കോ ലേ ഔട്ടിലെ വാടക വീട്ടിലാണ് യുവതി രക്തം വാര്‍ന്നു മരിച്ചത്. ഫോണില്‍ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടര്‍ന്ന് സഹോദരി കൃഷ്ണ എത്തിയപ്പോള്‍ ദേവ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആക്രമണശേഷം മുങ്ങിയ വൈഷ്ണവിനെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയും കൊല്ലപ്പെട്ട യുവതിയും ലിവ് ഇന്‍ പാര്‍ട്‌ണേഴ്‌സായി താമസിച്ചു വരികയായിരുന്നുവെന്ന് ഡിസിപി സി കെ ബാബ അറിയിച്ചു.