
ബംഗളൂരു : മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നിർണായക തെളിവുകള്‍ പുറത്ത്.
കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താൻ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. സംഭവം വലിയ വാർത്തയായതോടെ കർണാടക പൊലീസ് ഇടപെട്ടു.
ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ചു. കേസെടുക്കാൻ വൈകിയതില്‍ വിശദീകരണം തേടി. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നല്‍കി. കേസ് മഡിവാളയില്‍ നിന്നും ആടുഗോഡി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന്റെ ചുമതലയും നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു. പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ എസ്‌ഐക്കെതിരെ നടപടി ഉണ്ടാകും.
പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു മഡിവാളയില്‍ 20കാരിയായ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. സുഹൃത്തുക്കളുടെ കഫേയില്‍ പാർട്ട്ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്വാധീനത്തിന് വഴങ്ങി പരാതി എടുക്കാൻ കൂട്ടാക്കാതിരുന്ന മഡിവാള പൊലീസ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.







