നവജാത ശിശുവിനെ ഉപേക്ഷിച്ചത് കളിയക്കൽ ഭയന്ന്; അച്ഛന്റെ മൊഴി.

സ്വന്തം ലേഖകൻ

കൊച്ചി: ഇടപ്പള്ളിയിൽ നവജാത ശിശുവിനെ പള്ളിയിൽ ഉപേക്ഷിച്ച അച്ഛനെ കൊച്ചി എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്താണ് രാത്രി എട്ടരയോടെ കുട്ടിയെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞത്. ഉപേക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബസ് സ്റ്റാൻറ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് ഇവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്. നെറ്റിയിൽ ചുംബിച്ച ശേഷമായിരുന്നു കുട്ടിയെ ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണക്കുകൂട്ടയിരുന്നു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇടപ്പള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ദമ്പതികളുടെ നാലാമത്തെ കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. നാല് കുഞ്ഞുങ്ങൾ ഉണ്ടെന്നറിഞ്ഞാൽ നാട്ടുകാർ കളിയാക്കും എന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛന്റെ മൊഴി. അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.