നടൻ റിസബാവയ്‌ക്കെതിരെ ജാമ്യമില്ല വാറണ്ട്‌

നടൻ റിസബാവയ്‌ക്കെതിരെ ജാമ്യമില്ല വാറണ്ട്‌

കൊച്ചി: പ്രശസ്ത സിനിമാ താരം റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. കൊച്ചി എളമക്കര സ്വദേശി സി.എം സാദിഖ് നൽകിയ ചെക്ക് കേസിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി ഹാജരാവാതിരുന്നതിനാലാണ് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2014ൽ സി.എം സാദിഖിൽ നിന്ന് പണം വാങ്ങിയ ശേഷം തിരികെ നൽകാതെ റിസബാവ കബളിപ്പിച്ചെന്നാണ് കേസ്. പണം തിരികെ ചോദിച്ച സാദിഖിന് റിസബാവ 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നെങ്കിലും ഇത് മടങ്ങിയിരുന്നു. ഇതോടെയാണ് സി.എം സാദിഖ് റിസബാവയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്. റിസബാവയുടെ മകളും എളമക്കര സ്വദേശി സി.എം സാദിഖിന്റെ മകനും തമ്മിൽ വിവാഹമുറപ്പിച്ചിരുന്നു. ഈ ബന്ധത്തിന്റെ പുറത്താണ് 2014ൽ നടൻ റിസബാവ സാദിഖിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയത്. പിന്നീട് സാദിഖ് പണം തിരികെ ചോദിച്ചെങ്കിലും റിസബാവ പല തവണ അവധി പറയുകയും സാവകാശം ചോദിക്കുകയും ചെയ്തു. പലതവണ ദിവസം നീട്ടി ചോദിച്ചതിന് ശേഷം 2015 ജനുവരിയിലാണ് റിസബാവ സാദിഖിന് 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയത്. എന്നാൽ ഈ ചെക്ക് 71 ദിവസത്തിന് ശേഷം ബാങ്കിൽ ഹാജരാക്കിയപ്പോൾ മടങ്ങിയെന്നാണ് സാദിഖിന്റെ പരാതി. ഇതേതുടർന്നാണ് എളമക്കര സ്വദേശിയായ സാദിഖ് റിസബാവയ്‌ക്കെതിരെ പരാതി നൽകിയത്. എന്നാൽ കേസ് പലതവണ പരിഗണിച്ചെങ്കിലും റിസബാവ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ചെക്ക് കേസിൽ ഹാജരാകാതിരുന്ന റിസബാവയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. കഴിഞ്ഞ മാർച്ച് 28ന് വിധി പറയേണ്ട കേസ് റിസബാവ ഹാജരാകാതിരുന്നതിനാൽ വീണ്ടും മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു.
മാർച്ച് 28ന് കേസിൽ വിധി പറയുമ്പോൾ റിസബാവ നിർബന്ധമായും ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയിൽ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂൺ അവസാനത്തോടെ ചെക്ക് കേസിൽ വിധി പറയുമെന്നാണ് പരാതിക്കാരന്റെ പ്രതീക്ഷ.