ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റി

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓട്ടോ-ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനത്തൊഴിലാളികൾ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതാക്കൾ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പി തിലോത്തമൻ എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം മാറ്റിയത്. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിലാണ് സമരം മാറ്റിയത്. ആഗസ്ത് 20നു മുമ്പ് പുതിയ നിരക്ക് നിശ്ചയിക്കും. ടാക്‌സി വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള മുൻകൂർ നികുതി ഈടാക്കുന്ന നടപടിയിൽ ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. ചെറുകിട വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താൻ വൈകിയാൽ മാസം നൽകേണ്ട 1500 രൂപ പിഴ കുറയ്ക്കാമെന്നും ഓട്ടോറിക്ഷകൾ ഫെയർമീറ്റർ മുദ്രവയ്ക്കാൻ വൈകിയാൽ അടയ്‌ക്കേണ്ട 200 രൂപ പിഴ കുറയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രശ്രദ്ധയിൽപ്പെടുത്താമെന്ന് മന്ത്രി പി തിലോത്തമൻ ഉറപ്പ് നൽകി.