വായിൽ തോന്നുന്നത് ഓട്ടോയ്ക്കു കൂലി: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പിടിച്ചുപറി

വായിൽ തോന്നുന്നത് ഓട്ടോയ്ക്കു കൂലി: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പിടിച്ചുപറി

സ്വന്തം ലേഖകൻ

കോട്ടയം: നിയമവും നീതിയും കാറ്റിൽപറത്തി വായിൽതോന്നുന്നത് ഓട്ടോയ്ക്കു കൂലിയായി വാങ്ങി നഗരത്തിൽ ഓട്ടോഡ്രൈവർമാരുടെ പിടിച്ചുപറി. മിനിമം കൂലിയിൽ ഓടിയെത്താവുന്ന സ്ഥലത്തു പോലും വായിൽ തോന്നുന്ന കൂലിയാണ് ഈടാക്കുന്നത്. ഇന്ന് നാഗമ്പടം എസ്ച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡ്   കെ.എസ്.ഇ.ബി ജംഗ്ഷൻ വരെ വരുന്നതിനു 30 രൂപയണ് ഓട്ടോഡ്രൈവർ ആവശ്യപ്പെട്ടത്. നഗരത്തിൽ സർവീസ് നടത്തുന്ന കെ.എൽ 05 എ.സി 3993 -ാം നമ്പർ ഓട്ടോറിക്ഷയാണ് യാത്രക്കാരനിൽ നിന്നും അമിത കൂലി ആവശ്യപ്പെട്ടത്. 500 മീറ്ററിൽ താഴെ ദൂരം മാത്രമാണ് എസ്.എച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡിലെ കെ.എസ്.ഇ.ബി ജംഗ്ഷനിലേക്കുള്ളത്‌. യാത്രക്കാരൻ ഈ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ്. അതുകൊണ്ടു തന്നെ 20 രൂപ കൂലിയായി തരാമെന്നു ഓട്ടോഡ്രൈവറോടു അറിയിച്ചു. എന്നാൽ, അത് പറ്റില്ലെന്നും 30 രൂപ നൽകണമെന്നും ഓട്ടോഡ്രൈവർ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഓട്ടോഡ്രൈവർ യാത്രക്കാരനോടു മോശമായി പെരുമാറുകയും ചെയ്തു. ഒടുവിൽ ഇരുപത് രൂപ മാത്രം നൽകിയ ശേഷം യാത്രക്കാരൻ മടങ്ങി.
നഗരത്തിൽ സർവീസ് നടത്തുന്നതിൽ പെർമിറ്റില്ലാത്തെയും, സ്ഥിരമായി ഒരു സ്റ്റാൻഡ് ഇല്ലാതെയും സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളാണ് ഇത്തരത്തിൽ മോശമായി പെരുമാറുന്നത്. ഇതു സംബന്ധിച്ചു യാത്രക്കാർ പരാതി പറഞ്ഞാലും പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.