ഇന്ത്യയുടെ ഇടിവെട്ട് കളി: ഏകദിനത്തിലും ന്യൂസിലൻഡിൽ തകർത്തടിച്ച് ടീം ഇന്ത്യ; കിവീസിന് വമ്പൻ വിജയലക്ഷ്യം; അയ്യരും രാഹുലും താരങ്ങൾ
സ്പോട്സ് ഡെസ്ക്
ഹാമിൽട്ടൺ: രോഹിത്തും ധവാനും ഓപ്പണിങ്ങിലില്ലാതിരുന്നിട്ടും , ന്യൂസിലൻഡിനെതിരെ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി ടീം ഇന്ത്യ. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയും വിശ്വസ്ത പോരാളി കെ.എൽ രാഹുലിന്റെ തകർപ്പൻ അടിയുമാണ് ടീം ഇന്ത്യയുടെ സ്കോർ മിന്നൽ വേഗത്തിൽ കുതിപ്പിച്ചത്. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ കോഹ്ലിയും മികച്ച സംഭാവന ചെയ്തു.
സ്കോർ – ഇന്ത്യ 347/4
ന്യൂസിലൻഡ് – 66/0 ( 13.1 ഓവർ )
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാമിൽട്ടണിലെ പിച്ചിൽ ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംങ്ങിന് അയച്ചു. പതിവ് ഓപ്പണിംങ്ങ് സഖ്യത്തിന് പകരം ക്രീസിലെത്തിയത് പുതുമുഖങ്ങളായ പൃഥ്വി ഷായും , മായങ്ക് ആഗർവാളും. 7. 6 ഓവർ വരെ അൻപത് റണ്ണിൽ പുതുമുഖ കൂട്ട് കെട്ട് എത്തിയെങ്കിലും പൃഥ്വി ഷായെ പുറത്താക്കി ഗ്രാൻഡ് ഹോം വെടി പൊട്ടിച്ചു. 21 പന്തിൽ 20 റണ്ണായിരുന്നു ഷായുടെ സമ്പാദ്യം. ലാതത്തിന് ക്യാച്ച് നൽകി ഷാ മടങ്ങി.
പിന്നാലെ ക്യാപ്റ്റൻ കോഹ്ലി തന്നെ ക്രീസിൽ എത്തി. പതിയെ സ്കോർ ബോർഡ് മുന്നോട്ട് നീക്കുന്നതിനിടെ നാല് റൺ കൂടി കുട്ടിച്ചേർത്തപ്പോഴേയ്ക്കും മായങ്ക് പുറത്ത്. 31 പന്തിൽ 32 റണ്ണെടുത്ത മായങ്കിനെ ടീം സൗത്തിയാണ് പുറത്താക്കിയത്. പിന്നീട് എത്തിയ ശ്രേയസ് അയ്യരും കോഹ്ലിയും ചേർന്ന് 102 റൺ കുട്ടിച്ചേർത്തു. സ്കോർ 156 ൽ നിൽക്കെ കോഹ്ലി 61 പന്തിൽ 53 റണ്ണെടുത്ത് പുറത്തായി.
പിന്നീട് അതിവേഗം സ്കോർ ബോർഡ് ചലിപ്പിക്കാനാണ് അയ്യരും രാഹുലും ശ്രമിച്ചത്. 11 ഫോറും ഒരു സിക്സും പറത്തിയ അയ്യർ , സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ മടങ്ങി. 107 പന്തിൽ 103 റണ്ണെടുത്ത അയ്യരെ സൗത്തിയാണ് പുറത്താക്കിയത്. 64 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും പറത്തി 88 ൽ എത്തിയ രാഹുലും , 15 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും പറപ്പിച്ച് 26 റണ്ണെടുത്ത കേജാർ ജാദവും ചേർന്നാണ് ഇന്ത്യൻ സ്കോർ 350 അടുത്ത് എത്തിച്ചത്.
പത്ത് ഓവറിൽ 85 റൺ വഴങ്ങി സൗത്തി രണ്ട് വിക്കറ്റും , എട്ട് ഓവറിൽ 41 റൺ വഴങ്ങി ഗ്രാൻഡ് ഹോം ഒരു വിക്കറ്റും നാല് ഓവറിൽ 24 റൺ വഴങ്ങി സോധി ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ ന്യൂസിലൻസിന് വേണ്ടി ഗുപ്റ്റിലും നിക്കോളാസും ചേർന്ന് മികച്ച തുടക്കമാണ് നൽകുന്നത്. 13.1 ഓവറിൽ ഇരുവരും ചേർന്ന് 66 റണ്ണെടുത്തിട്ടുണ്ട്.