ഷാരൂഖ് ഖാന്റെ കുടുംബത്തോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ഇരുപത്തിയഞ്ച് കോടി; ഒടുവിൽ പതിനെട്ട് കോടി രൂപയ്ക്ക് ധാരണ; ആദ്യഗഡുവായി വാങ്ങിയത് അൻപത് ലക്ഷം രൂപ; വാങ്കഡയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്ഐആര്‍….!
സ്വന്തം ലേഖിക
മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ നിന്നൊഴിവാക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) മുംബയ് മേധാവി സമീര്‍ വാങ്കഡ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ എഫ് ഐ ആറിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ആര്യനെ ലഹരിക്കേസില്‍ കുടുക്കി ഷാരൂഖ് ഖാനോട് ഇരുപത്തിയഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് എഫ് ഐ ആറിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചര്‍ച്ചയില്‍ പതിനെട്ട് കോടി രൂപയ്ക്ക് ധാരണയായെന്നും ഇതിന്റെ ആദ്യഗഡുവായി അൻപത് ലക്ഷം രൂപ വാങ്ങിയെന്നുമാണ് എഫ് ഐ ആറിലുള്ളത്.
എഫ് ഐ ആറില്‍ സമീര്‍ വാങ്കഡ, എന്‍ സി പി മുന്‍ എസ് പി വിശ്വ വിജയ് സിംഗ്, എന്‍ സി ബിയുടെ ഇന്റലിജന്‍സ് ഓഫീസര്‍ ആശീഷ് രഞ്ജന്‍, കെ പി ഗോസാവി, ഇയാളുടെ സഹായി ഡിസൂസ എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശമുള്ളത്. വെള്ളിയാഴ്ചയാണ് സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.
2021 ഒക്‌ടോബറില്‍ മുംബെെയില്‍ നിന്ന് ഗോവയിലേക്കുള്ള ആഡംബര കപ്പലില്‍ സമീര്‍ വാങ്കഡയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയിരുന്നു. ലഹരിമരുന്ന് കണ്ടെത്തുകയും ചെയ്തു.
പിടിയിലായവരില്‍ ആര്യന്‍ ഖാനുമുണ്ടായിരുന്നു. ഇതുമുതലെടുത്താണ് ഷാരൂഖിനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. വാങ്കഡയും സംഘവും നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് എന്‍ സി ബി പിന്നീട് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് ആര്യനെ ഒഴിവാക്കിയിരുന്നു.