
ക്രൈസ്തവരെ ആക്ഷേപിക്കാൻ ആസൂത്രിത നീക്കം : ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം : രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ സാമ്പത്തികമായും വിശ്വാസപരമായും തകർക്കാനും ആക്ഷേപിക്കാനും ഉള്ള ആസൂത്രിത നീക്കമാണ് ആർ.എസ്.എസ് മുഖപത്രത്തിലെ ലേഖനത്തിലൂടെ പുറത്ത് വന്നിരുക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആരോപിച്ചു.
ആർ.എസ്.എസിൻ്റെ മുഖപത്രമായ ഓർഗനൈസറിൽ വന്ന വാർത്ത വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തതാണ്. കത്തോലിക്കാ സഭക്ക് ബ്രിട്ടിഷ് ഭരണകാലത്ത് വലിയ തോതിൽ ഭൂമി സൗജന്യമായി സർക്കാർ നൽകി എന്നുള്ള പരാമർശം യാതൊരു അടിസ്ഥാനവും ഇല്ലാത്ത വ്യാജ പ്രചരണമാണന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.
സഭയുടെ സ്വന്തുകൾ എല്ലാം വില കൊടുത്ത് നിയമ പരമായി വാങ്ങിയിട്ടുള്ളതും മതിയായ രേഖകൾ ഉള്ളതുമാണ്. പ്രസ്തുത സ്ഥലങ്ങളിൽ ആശുപത്രികൾ, സ്കൂളുകൾ , കോളജ്കൾ, വിവിധ ആതുരാലയങ്ങൾ എന്നിവയെല്ലാമാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെ ഉള്ള സ്ഥാപനങ്ങളിലൂടെ ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിച്ചു വരുന്ന സേവനങ്ങൾ വളരെ വലുതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖകളിലെ പുരോഗതിയിൽ ക്രസ്ത്യൻ മതന്യൂനപക്ഷത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതോടൊപ്പം ഇന്ത്യയുടെ പിന്നോക്ക പ്രദേശങ്ങളിലും ദളിത് ആദിവാസി മേഖലകളിലും നടത്തിവരുന്ന സേവനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് മതപരിവർത്തനം ലക്ഷ്യം വെച്ച് കൊണ്ടാണെന്ന് പറയുന്നത് എന്തുകൊണ്ടാണന്ന് വ്യക്തമാകുന്നില്ല. ഓരോ കണക്കെടുപ്പിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ കുറഞ്ഞ് വരുന്നത് ക്രിസ്ത്യൻ മത വിഭാഗത്തിൻ്റെതാണെന്ന യാഥാർഥ്യം മനസിലാക്കാതെയാണ് ഇത്തരം പ്രതികരണങ്ങൾ ആർ.എസ്.എസ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകളെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ ആക്ഷേപിക്കുന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തുന്നതിൽ നിന്ന് ആർ.എസ്.എസ് നേതൃത്വം പിന്തിരിയണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.