
നവജാത ശിശുക്കളെ മോഷ്ടിച്ചുവിറ്റ നഴ്സ് അറസ്റ്റിൽ
സ്വന്തംലേഖകൻ
നാമക്കൽ: തമിഴ്നാട്ടിൽ നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്ന് അവകാശവാദം നടത്തിയ സർക്കാർ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന റിട്ട. നഴ്സ് അറസ്റ്റിൽ. നാമക്കൽ സ്വദേശി അമുതയാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഭർത്താവും ആംബുലൻസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കുട്ടികളെ വിൽപ്പന നടത്തിയിട്ടുണ്ടെന്ന അമുതയുടെ ശബ്ദ സന്ദേശം അടുത്തിടെ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് ആരോഗ്യ സെക്രട്ടറിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെൺകുഞ്ഞുങ്ങളെ 2.75 ലക്ഷം രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. എന്നാൽ കുട്ടികൾ കാണാൻ ഭംഗിയുള്ളതാണെങ്കിൽ മൂന്നു ലക്ഷം രൂപ വരെ ലഭിക്കുമെന്നും ഇവർ പറയുന്നു. ആൺകുട്ടികളെ മൂന്നു ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഭംഗിയുള്ള കുട്ടികൾക്ക് 3.75 മുതൽ നാല് ലക്ഷം വരെ ലഭിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് അധികമായി 70,000 രൂപ കൂടി നൽകിയാൽ തയാറാക്കി നൽകുമെന്നും ഇവർ അവകാശപ്പെടുന്നു. ആശുപത്രിയിൽനിന്ന് കുട്ടികളെ കടത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് താൻ സ്വമേധയാ വിരമിക്കൽ നേടുകയായിരുന്നെന്ന് അവർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.