
അർജുൻ ആയങ്കി ഫേസ്ബുക്കിൽ പങ്കുവച്ച തുറന്ന കത്ത് വലിയ രീതിയിൽ ചർച്ചയാകുകയാണ്. കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്തനെതിരെ അതിരൂക്ഷമായ ഭാഷയില്‍ കടുത്ത ആരോപണങ്ങളും ഭീഷണിയുമുയര്‍ത്തിയാണ് അർജുൻ ആയങ്കി കത്ത് തയ്യാറാക്കിയിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ റിസോർട്ടിലെത്തിയ തന്നെയും സുഹൃത്തുക്കളെയും തീവ്രവാദികളെ പോലെ പിടികൂടി കള്ളക്കേസിൽ കുടുക്കിയെന്നാണ് കത്തിൽ പറയുന്നത്. താനും സുഹൃത്തുക്കളും അനുഭവിച്ചതിന് ബദലായി ഒരു യുദ്ധപ്രഖ്യാപനമാണ് അർജുൻ നടത്തുന്നത്. ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് 5 യുവാക്കളുടെ ജീവിതം കീഴ്‌മേല്‍ മറിച്ച കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്തനെ വെറുതെ വിടില്ലെന്നും, പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം സമാധാനത്തോടെ നയിക്കാൻ അനുവദിക്കില്ലെന്നും അർജുൻ ആയങ്കി പറയുന്നു.
വിവാഹത്തില്‍ പങ്കെടുക്കാനും ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയില്‍ സ്റ്റോറിയിടാനും എത്തിയ അഞ്ച് യുവാക്കളെയാണ് പൊലീസ് പുലര്‍ച്ചെ റിസോര്‍ട്ട് വളഞ്ഞ് പിടികൂടിയത്. ആര്‍ക്കൊക്കെ വേണ്ടിയോ കള്ളക്കേസ് ചമച്ച് തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്ന് അര്‍ജുന്‍ വ്യക്തമാക്കുന്നു. പിടികൂടിയവരില്‍ ഒരാളായ ടാന്‍സന്റെ വിവാഹം പത്തുദിവസത്തിനകം നടക്കാനിരിക്കെയാണ് പൊലീസ് നടപടി. ഇതുവഴി അവന്റെ വിവാഹം മുടങ്ങുകയും പി.എസ്.സി പരീക്ഷാ തയ്യാറെടുപ്പുകള്‍ തകരുകയും ചെയ്തു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രണവ്, പുതിയ സംരംഭം തുടങ്ങി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിച്ച ആദര്‍ശ്, കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ എന്നിവരെയും ചെയ്യാത്ത കുറ്റത്തിന് ക്രൂരമായി വേട്ടയാടി.
സ്വയം നവീകരിച്ച്, മകന് വേണ്ടി നല്ല രീതിയില്‍ ജീവിക്കാന്‍ തീരുമാനിച്ച തന്നെ വീണ്ടും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചത് സഹിക്കാനാകില്ലെന്ന് അര്‍ജുന്‍ പറയുന്നു. ഭരണപാര്‍ട്ടിയുടെ ഒത്താശയോടെ ഇനിയും തന്നെ കാപ്പ ചുമത്തിയും കള്ളക്കേസുകളില്‍ കുടുക്കിയും ദ്രോഹിച്ചേക്കാമെന്ന് അര്‍ജുന്‍ ആയങ്കി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനെതിരായ ഈ യുദ്ധപ്രഖ്യാപനം ‘ക്രൈം നമ്പര്‍ 665/2026’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. ഒരാളുടെ ജീവിതം നശിപ്പിക്കാന്‍ ഒരു പോലീസുകാരന്‍ വിചാരിച്ചാല്‍ മതിയെന്നത് ഞങ്ങളിലൂടെയെങ്കിലും മാറ്റമുണ്ടാവണം എന്നും അർജുൻ പറയുന്നു. യുദ്ധപ്രഖ്യാപനം നടത്തുന്നത് പോലീസ് സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ ക്രിമിനലുകള്‍ക്കെതിരെയാണ് എന്നും അർജുൻ ആയങ്കി തന്റെ കുറിപ്പിൽ പറയുന്നുണ്ട്.







