
ആപ്പിള്‍ സിഇഒ ടിം കുക്ക് രാജിവെച്ചു. ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ ജോണ്‍ ടെർനസാണ് ആപ്പിളിന്റെ പുതിയ സിഇഒ. സ്ഥാനമൊഴിയുന്ന ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരും.
രാജി തീരുമാനം പ്രഖ്യാപിച്ച് ജീവനക്കാർക്കയച്ച മെയിലില്‍ ‘ഇതാണ് മാറ്റത്തിനുള്ള ശരിയായ സമയ’മെന്ന് ടിം കുക്ക് പറഞ്ഞു.
1998ല്‍ ആപ്പിളില്‍ ജോലി ആരംഭിച്ച ടിം കുക്ക് 2011ലാണ് സിഇ പദവിയിലെത്തുന്നത്. ആമസോണിന്റെ ജെഫ് ബെസോസും നെറ്റ്ഫ്ലിക്സിന്റെ റീഡ് ഹേസ്റ്റിങ്സും സിഇഓ പദവിയില്‍ നിന്ന് ഒഴിഞ്ഞതിന് ശേഷം സമാനമായ നീക്കമാണ് ടിം കുക്കിന്റെ ഭാഗത്തുനിന്നുണ്ടായത്. ആപ്പിള്‍ വാച്ച്, എയർപോഡുകള്‍, ആപ്പിള്‍ വിഷൻ പ്രോ തുടങ്ങിയ പുതിയ വിഭാഗങ്ങളും ഐക്ലൗഡ്, ആപ്പിള്‍ പേ മുതല്‍ ആപ്പിള്‍ ടിവി, ആപ്പിള്‍ മ്യൂസിക് വരെയുള്ള സേവനങ്ങളും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആമുഖത്തിന് മേല്‍നോട്ടം വഹിച്ചത് ടിം കുക്കാണ്. നിലവിലുള്ള ഉല്‍പ്പന്ന ശ്രേണികള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
കുക്കിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ 350 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനത്തില്‍ നിന്ന് 4 ട്രില്യണ്‍ ഡോളറായി വളർന്നു, ഇത് 1000%-ലധികം വർധനയാണ്. കൂടാതെ വാർഷിക വരുമാനം നാലിരട്ടിയായി വർദ്ധിച്ചു. 2011 സാമ്പത്തിക വർഷത്തിലെ 108 ബില്യണ്‍ ഡോളറില്‍ നിന്ന് 2025 സാമ്പത്തിക വർഷത്തില്‍ 416 ബില്യണിലധികം ഡോളറായി. കമ്പനി ആഗോളതലത്തില്‍, പ്രത്യേകിച്ച് വളർന്നുവരുന്ന വിപണികളില്‍, അതിന്റെ ആഗോള സാന്നിധ്യം ഗണ്യമായി വികസിപ്പിച്ചു. ഇപ്പോള്‍ കമ്പനി ഇരുന്നൂറിലേറെ രാജ്യങ്ങളിലും മേഖലകളിലും പ്രവർത്തിക്കുന്നു. ആപ്പിളിന് അഞ്ഞൂറിലേറെ റീട്ടെയില്‍ സ്റ്റോറുകള്‍ ഉണ്ട്. ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോർ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആപ്പിളിന് 100,000-ത്തിലധികം ടീം അംഗങ്ങളായി. അങ്ങനെ നേട്ടങ്ങളുടെ നീണ്ട പട്ടിക ബാക്കിവച്ചാണ് ടിം കുക്കിന്റെ പടിയിറക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആപ്പിളിന്റെ സിഇഒ ആകാനും മഹത്തരമായ ഈ കന്പനിയെ നയിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് ടിം കുക്കിന്റെ പ്രസ്താവന. ‘ഐ ലവ് ആപ്പിള്‍. ഇത്രയേറെ കഴിവും മികവും സർഗശേഷിയുമൊത്ത ടീമിനൊപ്പം പ്രവർത്തിക്കാനായതില്‍ കൃതാർഥനാണ്’. ടിം പറഞ്ഞു. “അദ്ദേഹത്തിന്റെ കഴിവുകളിലും സ്വഭാവത്തിലും എനിക്ക് ഏറെ ആത്മവിശ്വാസമുണ്ട്. ഈ മാറ്റത്തിലും എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിലുള്ള പുതിയ റോളിലും ജോണ്‍ ടെർനസിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” മാറ്റത്തെക്കുറിച്ചും ടെർനസിന്റെ വരവിനെക്കുറിച്ചും ടിം കുക്ക് പറഞ്ഞത് ഇങ്ങനെയാണ്.
2026 സെപ്റ്റംബർ 1ന് ടിം കുക്കിന് പകരക്കാരനാകുന്ന ജോണ്‍ ടെർനസ് കന്പനിയുടെ ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ മേധാവിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഐ ഫോണ്‍, ഐ പാഡ്, മാക് എന്നിവയുടെ സാങ്കേതികവിദ്യകളുടെ മേല്‍നോട്ടം വഹിച്ചത് ജോണ്‍ ടെർനസിനെ പുതിയ പദവിയിലേക്ക് യോഗ്യനാക്കിയ ഘടകങ്ങളാണ്. ആപ്പിളിന്റെ ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണെന്ന് ജോണ്‍ ടെർനസ് പറഞ്ഞു. അറുപത്തിയഞ്ചുകാരനായ ടിം കുക്കിന് പകരമെത്തുന്ന ജോണ്‍ ടെർനസിന് 55 വയസാണ്. സ്വന്തം സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായി വയ്ക്കുന്ന ജോണ്‍ ടെർനസിന്റെ കുടുംബത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. മാറ്റം അർഥപൂർണമാക്കാനാണ് സെപ്റ്റംബർ വരെ ടിം കുക്ക് ചുമതലയില്‍ തുടരുന്നത്. അതുവരെ ജോണ്‍ ടെർനസിന് വേണ്ട മാർഗ നിർദേശങ്ങള്‍ നല്‍കും.


