
സ്വന്തം ലേഖിക
ഇരിങ്ങാലക്കുട: അലങ്കാരമായി കിട്ടിയതെന്തും ആളുകൾ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന കാലത്ത്, ദൈവം അനുഗ്രഹമായി നൽകിയ നീളമുള്ള തലമുടി വെട്ടി, കാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല ഹോസ്പിറ്റലിൽ ദാനം ചെയ്തിരിക്കുകയാണ് സീനിയർ സിവിൽ പൊലീസ് ഓഫീസർ അപർണ്ണ.തൃശൂർ റൂറൽ വനിതാ പൊലീസ് സ്റ്റേഷനിൽ (ഇരിങ്ങാലക്കുട) സീനിയർ സിവിൽ പൊലീസ് ഓഫീസറായ അപർണ്ണ മൂന്നുവർഷം മുമ്പും തലമുടി 80 % നീളത്തിൽ മുറിച്ച് കാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി നൽകിയിരുന്നു. എന്നാൽ ഇത്തവണ തലമുടി മുഴുവനായും വെട്ടി തല മൊട്ടയാക്കിയാണ് മുടി ദാനം ചെയ്തത്.
അങ്ങേയറ്റം വരെ വെട്ടിയ തലമുടി മൂന്ന് വർഷം കൊണ്ട് കാൽമുട്ടിനു താഴെ വളർന്നിരുന്നു. ടി.വി-പത്ര മാദ്ധ്യമങ്ങളിലും ഫേസ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിലും അപർണയുടെ പല കാരുണ്യ പ്രവൃത്തികളും വാർത്തയായിരുന്നു. ഹോസ്പിറ്റലിൽ ബില്ലടയ്ക്കാൻ നിവൃത്തിയില്ലാതെ നിന്ന സാധുവിന് കൈയിൽ കിടന്ന സ്വർണ്ണവള ഊരി നൽകിയതും, തെരുവിൽ അലഞ്ഞുതിരിഞ്ഞ വൃദ്ധയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കളെ ഏൽപ്പിച്ചതും അപർണ്ണയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ ചിലതുമാത്രം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുത്തിലും ഒരുപടി മുന്നിൽത്തന്നെയാണ് അപർണ്ണ.നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ഇത്തവണ തെക്കനോടി വിഭാഗത്തിൽ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപർണ്ണ കൂടി തുഴയെറിഞ്ഞ കേരളാ പൊലീസിന്റെ വനിതാ ടീം ആണ്. നിരവധി പുരസ്‌കാരങ്ങളും അപർണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. 2015-ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും അപർണ്ണയ്ക്ക് ലഭിച്ചു.