ഒളിച്ചുവയ്ക്കാനില്ലെങ്കിൽ സിഎജി ഓഡിറ്റിങിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്തിന് : മുല്ലപ്പള്ളി

ഒളിച്ചുവയ്ക്കാനില്ലെങ്കിൽ സിഎജി ഓഡിറ്റിങിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്തിന് : മുല്ലപ്പള്ളി

സ്വന്തം ലേഖിക

തിരുവനന്തപുരം: കിഫ്ബിയിലെ ഇടപാടുകൾ സംബന്ധിച്ച് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കിൽ സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻറെ ചോദ്യം. കിഫ്ബിയിൽ സി എ ജി ഓഡിറ്റിംഗ് നടത്താൻ തയ്യാറാണെന്ന ആർജ്ജവത്തോടെ പറയാൻ ഇവർ തയ്യാറാകാത്തതിൽ നിന്നും ഇതിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പൊതുജനത്തിന് മനസിലായെന്നും മസാലബോണ്ടുകൾ വിൽപ്പന നടത്തിയ വകയിൽ എത്ര തുക ഇതുവരെ കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഉയർന്ന പലിശക്ക് മസാല ബോണ്ട് വിറ്റുകിട്ടിയ പണം വളരെ കുറഞ്ഞ പലിശനിരക്കിൽ നിക്ഷേപിച്ചതിലൂടെ കിഫ്ബി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പലിശയിനത്തിൽ വായ്പകൾക്കായി കോടി കണക്കിന് രൂപ നൽകേണ്ടതുണ്ട്. ഇത് സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തി. മസാല ബോണ്ടിലൂടേയും നബാർഡ്, എസ്ബിഐ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ശരാശരി 9.5 ശതമാനം നിരക്കിൽ പലിശയ്‌ക്കെടുത്ത പണമാണ് കുറഞ്ഞ നിരക്കിൽ നിക്ഷേപിച്ച് വലിയ നഷ്ടം വരുത്തുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വർഷം കഴിയുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കും. ജനിക്കുന്ന ഓരോ കുഞ്ഞും കടക്കാരനായി മാറും. ഈ സാമ്ബത്തിക ഭാരം മുഴുവനും അന്ന് ഭരണത്തിലുള്ള സർക്കാരിന്റെ ചുമലിലാകും. വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും സംസ്ഥാനത്ത് താളം തെറ്റും. അതിനാൽ കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനത്തിന് അറിയാൻ അവകാശമുണ്ട്. അത് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രി തയ്യാറാകുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.