play-sharp-fill
എഡിജിപിയെ വിടാതെ അന്‍വര്‍ ; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും ചോര്‍ത്തി! കവടിയാറില്‍ പണിയുന്നത് ആഡംബര  കൊട്ടാരം, വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വർണം കടത്തി അജിത് കുമാർ നിയന്ത്രിക്കുന്ന സംഘം

എഡിജിപിയെ വിടാതെ അന്‍വര്‍ ; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും ചോര്‍ത്തി! കവടിയാറില്‍ പണിയുന്നത് ആഡംബര കൊട്ടാരം, വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വർണം കടത്തി അജിത് കുമാർ നിയന്ത്രിക്കുന്ന സംഘം

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാൻ നിലമ്പൂർ എംഎല്‍എ പിവി അൻവർ. നാളെയാണ് കൂടിക്കാഴ്ച. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വാർത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും എഡിജിപി ചോർത്തുന്നുണ്ടെന്നും അൻവർ ഇന്ന് ആരോപിച്ചു. തിരുവനന്തപുരം കവടിയാറില്‍ എം.ആർ.അജിത് കുമാർ പണിയുന്ന ആഡംബരവീടിന്‍റെ വിവരങ്ങളും ഭരണകക്ഷി എംഎല്‍എ വെളിപ്പെടുത്തി. 12000നും15000 ചതുരശ്ര അടിക്ക് ഇടയില്‍ വിസ്തീര്‍ണം വരുന്ന കൊട്ടാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് കുമാർ നിയന്ത്രിക്കുന്ന സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എഡിജിപിയുടെ പ്രധാന സഹായി. ഇന്നത്തെ വാർത്താ സമ്മേളനത്തോടെ തല്ക്കാലം വെളിപ്പെടുത്തലുകള്‍ അവസാനിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു.

അജിത്കുമാർ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും സോളാർ കേസ് അട്ടിമറിച്ചത് എഡിജിപിയാണെന്നും വെളിപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ശബ്ദരേഖയും ഇന്ന് വാർത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. കോണ്‍ഗ്രസ്‌ നേതാവ് കെസി വേണുഗോപാലുമായി എഡിജിപിക്ക് അടുത്ത ബന്ധമാണുള്ളത്. കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് അജിത് കുമാർ പരാതിക്കാരിയോട് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അവർ മൊഴി മാറ്റിയെന്നുമാണ് ഇന്ന് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ പ്രധാന വെളിപ്പെടുത്തല്‍. എം.ആർ.അജിത് കുമാർ കടുത്ത കമ്മ്യൂണിറ്റ് വിരുദ്ധനാണ് എന്നും പോലീസ് ഉദ്യോഗസ്ഥൻ ശബ്ദരേഖയില്‍ അൻവറിനോട് പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പിവി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കോട്ടയത്ത് പോലിസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന ചടങ്ങിലാണ് ആരോപണ വിധേയരുടെ പേര് പറയാതെ പിണറായി പ്രതികരിച്ചത്. ഉയർന്ന ആരോപണം സംസ്ഥാന പോലിസിലെ ഏറ്റവും ഉന്നതൻ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സേനയിലെ അച്ചടക്ക ലംഘനം ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത്കുമാറിനെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം.ആർ. അജിത്കുമാർ പത്തനംതിട്ട എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭരണകക്ഷി എംഎല്‍എ രംഗത്ത് വന്നത്. അജിത്കുമാർ തന്‍റെയും മന്ത്രിമാരുടെയും മാധ്യമ പ്രവർത്തകരുടേയും ഫോണ്‍ ചോർത്തിയെന്നും പോലിസിനെ നിയന്ത്രിക്കുന്നത് കൊടും ക്രിമിനലുകളാണെന്നും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എഡിജിപി കൊലയാളിയാണെന്നും ദാവൂദ് ഇബ്രാഹിമാണ് അദ്ദേഹത്തിൻ്റെ റോള്‍മോഡലെന്നും നിലമ്ബൂർ എംഎല്‍എ ആരോപിച്ചിരുന്നു.

പത്തനംതിട്ട എസ്പി സുജിത് ദാസും എഡിജിപി അജിത്‌ കുമാറും സെൻട്രല്‍ ജയിലിലാകും. പോലീസിലെ ക്രിമിനല്‍ സംഘത്തിൻ്റെ ഇടപാടുകളെല്ലാം പി ശശിയുടെ അറിവോടെയാണ് നടക്കുന്നത്. മുമ്ബ് കസ്റ്റംസിലായിരുന്ന സുജിത്ത് ദാസ് സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുകയാണ്. വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കസ്റ്റംസ് പിടിക്കാതെ വിടും. ഈ വിവരം ഉടന്‍ സുജിത് ദാസിനെ അറിയിക്കും. തുടര്‍ന്ന് റോഡില്‍ വാഹനം തടഞ്ഞ് പോലീസ് പിടിക്കും. ഇങ്ങനെ പിടികൂടുന്ന സ്വർണം പോലിസുകാർ തട്ടിയെടുക്കും എന്നുമായിരുന്നു അൻവറിന്‍റെ ആരോപണം. മുഖ്യമന്ത്രി വിശ്വസിച്ച്‌ ചുമതലകള്‍ നല്‍കിയ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയും അജിത് കുമാറും അദ്ദേഹത്തെ കബളിപ്പിക്കുകയാണെന്നും ഇടത് എംഎല്‍എ തുറന്നടിച്ചിരുന്നു.