രാജ്യത്ത് ചരിത്രപ്രധാനമായ നീക്കം: ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ നല്‍കാൻ ‘അപരാജിത’; നിയമഭേദഗതി ബില്‍ ഏകകണ്ഠമായി പാസാക്കി; ബില്ലില്‍ സ്ത്രീ സുരക്ഷയ്ക്കായി കര്‍ശന വ്യവസ്ഥകൾ
കൊല്‍ക്കത്ത: ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ. അതിക്രമ കേസുകളില്‍ 21 ദിവസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കാനും, രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
നിയമനിര്‍മ്മാണത്തെ ചരിത്രപരമായ നീക്കമെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭയില്‍ വിശേഷിപ്പിച്ചത്. വനിത ഡോക്ടറുടെ ബലാല്‍സംഗക്കൊലയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നിയമനിര്‍മ്മാണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇന്ത്യയില്‍ ആദ്യമായാണ് ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ നല്‍കുന്ന ബില്‍ ഒരു നിയമസഭ പാസാക്കുന്നത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു ഭേദഗതി ബില്‍ കൊണ്ടുവന്നത്. അപരാജിത എന്ന് പേരിട്ട ബില്ലില്‍ സ്ത്രീ സുരക്ഷയ്ക്കായി കര്‍ശന വ്യവസ്ഥകളാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്‌സോ കേസുകളില്‍ നടപടി ശക്തമാക്കാനും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബിജെപി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു.
എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമങ്ങളെ ഭേദഗതി ചെയ്യുന്ന ബില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. നിയമസഭയില്‍ പാസായതോടെ ബില്‍ ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. നിയമോപദേശം തേടിയ ശേഷമാകും ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി പോകും.
ബില്ലില്‍ ഒപ്പു വച്ചില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ ഇരിക്കുമെന്നാണ് മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്. വേഗത്തിലുള്ള അന്വേഷണവും നീതി നടപ്പാക്കലും പരമാവധി ശിക്ഷയും ഉറപ്പ് നല്‍കുന്നതാണ് ബില്‍ എന്നും മമത പ്രതികരിച്ചു.
ഉത്തര്‍പ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ഹത്രാസ് സംഭവം ഉയര്‍ത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തുകയും ചെയ്തു.