Spread the love

വാഷിംഗ്ടണ്‍: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ കുതിച്ചെത്തിയ ഉല്‍ക്ക വന്‍ സ്‌ഫോടനത്തോടെ തകര്‍ന്നതായി നാസ സ്ഥിരീകരിച്ചു.
മേയ് 30 ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സാറ്റലൈറ്റ് ചിത്രങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും ആധാരമാക്കി, ആകാശത്ത് വലിയൊരു അഗ്‌നിഗോളം പ്രത്യക്ഷപ്പെട്ടതായും തൊട്ടുപിന്നാലെ അതിശക്തമായ ശബ്ദം കേട്ടതായും നാസ റിപ്പോര്‍ട്ട് ചെയ്തു.

video
play-sharp-fill

അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയ്ക്ക് മുകളില്‍ ഏകദേശം 40 മൈല്‍ (64.37 കിലോമീറ്റര്‍) ഉയരത്തില്‍ വെച്ചാണ് ഉല്‍ക്ക തകര്‍ന്നടിഞ്ഞത്. ഈ വിസ്‌ഫോടന സമയത്ത് പുറന്തള്ളപ്പെട്ട ഊര്‍ജ്ജം 300 ടണ്‍ ടി.എന്‍.ടി സ്‌ഫോടകവസ്തുവിന് തുല്യമായിരുന്നുവെന്ന് നാസ വ്യക്തമാക്കി. ഇതാണ് പ്രദേശത്തുടനീളം അതിശക്തമായ സ്‌ഫോടന ശബ്ദം കേള്‍ക്കാന്‍ ഇടയാക്കിയത്.

‘ന്യൂ ഇംഗ്ലണ്ടിലെ ദൃക്സാക്ഷികളും നോവയുടെ GOES-19 ഉപഗ്രഹവും ശനിയാഴ്ച ഉച്ചയ്ക്ക് 2:06-ന് ശക്തമായ ശബ്ദത്തോടെയുള്ള ഒരു പ്രകാശഗോളം രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കുകിഴക്കന്‍ മസാച്യുസെറ്റ്സിനും തെക്കുകിഴക്കന്‍ ന്യൂ ഹാംഷെയറിനും മുകളില്‍ 40 മൈല്‍ ഉയരത്തില്‍ വെച്ചാണ് ഉല്‍ക്ക തകര്‍ന്നത്. വിസ്‌ഫോടനത്തിന്റെ ഊര്‍ജ്ജം 300 ടണ്‍ ടി.എന്‍.ടിക്ക് തുല്യമാണ്,’ അമേരിക്കന്‍ മീറ്റിയോര്‍ സൊസൈറ്റിയുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് നാസ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിതമായി ഉണ്ടായ അതിശക്തമായ സ്‌ഫോടന ശബ്ദം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടുകള്‍ വരെ കുലുങ്ങിയതായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെച്ചു.

‘ഈ ഉല്‍ക്കാവിസ്‌ഫോടനം നിലവിലുള്ള ഏതെങ്കിലും ഉല്‍ക്കാവര്‍ഷത്തിന്റെ ഭാഗമല്ല. ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്, അല്ലാതെ ഉപഗ്രഹങ്ങളുടെയോ ബഹിരാകാശ അവശിഷ്ടങ്ങളുടെയോ പുനഃപ്രവേശനമല്ല ,’ നാസ ഡെപ്യൂട്ടി ന്യൂസ് ചീഫ് ജെന്നിഫര്‍ ഡൂറന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മണിക്കൂറില്‍ 75,000 മൈല്‍ (1,20,000 കിലോമീറ്ററിലധികം) വേഗതയില്‍ സഞ്ചരിക്കുമ്പോഴാണ് ഉല്‍ക്ക തകര്‍ന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍പ് 2013-ല്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കിന് മുകളിലും സമാനമായ രീതിയില്‍ വലിയൊരു ഉല്‍ക്കാവിസ്‌ഫോടനം നടന്നിരുന്നു.
അന്ന് ഒരു വീടിന്റെ വലിപ്പമുള്ള ഉല്‍ക്ക ഭൂമിയില്‍ നിന്ന് 14 മൈല്‍ ഉയരത്തില്‍ വെച്ച്‌ പൊട്ടിത്തെറിച്ചപ്പോള്‍ പുറത്തുവന്നത് 4,40,000 ടണ്‍ ടി.എന്‍.ടിക്ക് തുല്യമായ ഊര്‍ജ്ജമായിരുന്നു. ആ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 200 ചതുരശ്ര മൈല്‍ ചുറ്റളവിലുള്ള ജനാലച്ചില്ലുകള്‍ തകരുകയും, ചില്ലുകള്‍ തെറിച്ചുവീണ് 1,600-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.