മീനാക്ഷിയുടെ അമീറയ്ക്ക് ആശംസയുമായി താരങ്ങൾ: അമീറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; അമീറയിൽ താരമായി കോട്ടയത്തെ പൊലീസ് കുടുംബവും

തേർഡ് ഐ ബ്യൂറോ

കോട്ടയം: അമർ അക്ബർ അന്തോണിയിലെ ഒറ്റ പാട്ടിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീനാക്ഷി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമീറയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയത്തെ പൊലീസ് കുടുംബാംഗങ്ങൾ കൂടി അണിനിരന്നിരിക്കുന്ന സിനിമയ്ക്ക് ആശംസയുമായി താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. അമീറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെയ്‌സ്ബുക്കിലൂടെ നിരവധി താരങ്ങളാണ് പങ്കു വച്ചിരിക്കുന്നത്.

അമീറയിൽ വനിതാ എസ് ഐ യുടെ റോളിൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസർ നിസാ ജോഷിയും, മീനാക്ഷിയുടെ ടീച്ചറായി നിസയുടെ മകളുമാണ് അഭിനയിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് ജില്ലയിലെ പൊലീസ് കുടുംബവും സിനിമയുടെ ഭാഗമായിരിക്കുന്നത്. ചിത്രം നവംബറിൽ ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഒപ്പം, അമർ അക്ബർ ആന്റണി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മീനാക്ഷി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നു ഏറെ പാടുപെട്ടാണ് അണിയറ പ്രവർത്തകർ ചിത്രം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടതും.

ജി.ഡബ്യു.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിയാസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനിൽകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീർ മുഹമ്മദ്, അനൂപ് ആർ.എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മീനാക്ഷി, അരീഷ് അനൂപ്, കോട്ടയം രമേശ്, കോട്ടയം പുരുഷൻ, ബോബൻ സാമുവേൽ, മീനാക്ഷി മഹേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്ന ചിത്രത്തിനു കുടുംബ പ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഡബിങ് ജോലികൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്.