അവൾ അവനെ വിളിച്ചു വരുത്തിയതാണ്; ആ പെണ്ണും ശരിയല്ലന്നേ; അവളുടെ ഫോൺ കോൾ നോക്കിയാൽ അറിയാം സ്വഭാവം; ആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയ ഗുണ്ടകൾ

തേർഡ് ഐ ബ്യൂറോ

പത്തനംതിട്ട: പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും, ഇവർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ ആക്കുന്നതും സമൂഹത്തിൽ പതിവ് കാഴ്ചകളാണ്. പീഡനത്തിന് ഇരയാകുന്ന പെൺകുട്ടി മരിച്ചു പോയാൽ മതിയെന്നു പോലും ചിന്തിക്കുന്ന അവസ്ഥയിലേയ്ക്കു പുരുഷ കേന്ദ്രീകൃതമായ കേരള സമൂഹം ആ കുട്ടിയെ കൊണ്ടു ചെന്ന് എത്തിക്കും. ഇത് തന്നെയാണ് ഇപ്പോൾ പത്തനംതിട്ടയിൽ ആംബുലൻസിൽ പീഡനത്തിനു ഇരയായ പെൺകുട്ടിയുടെ കാര്യത്തിലും നടക്കുന്നത്.
കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതായി വരുന്ന വാർത്തകൾ കെട്ടുകഥകളാണെന്നാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

കൊണ്ടോട്ടി സ്വദേശി അബ്ദുൾ മജീദാണ് ഇത്തരത്തിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ഒപ്പം ഇയാൾക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ‘ആറന്മുള സംഭവം പീഡനമല്ല, മറിച്ചു ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. സത്യം പുറത്തു വരും മുൻപ് ഒരു മതവിഭാഗത്തേയും ആ വ്യക്തിയെയും കരിവാരി തേക്കുന്നതിൽ ചില പ്രത്യേക വിഭാഗത്തിന്റെ സംഘടിത ബുദ്ധിയുണ്ടെന്നാണ്’ ഇയാളുടെ വാദം.

കൂടാതെ പെൺകുട്ടിയെ കുറിച്ച് അവരുടെ നാട്ടിൽ അന്വേഷിക്കണമെന്നും ഇയാൾ പറയുന്നു. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം രോഗബാധിതയായ യുവതിയെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലർച്ചെ ആറന്മുളയിൽ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ആംബുലൻസ് നിർത്തി ഡ്രൈവർ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ(29) പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം നൗഫൽ പ്രതിയാണ്.

അതേസമയം സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കനിവ് 108 ആംബുലൻസുകളിൽ ജോലി ചെയ്യുന്നവരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടൻ ഹാജരാക്കാൻ ആംബുലൻസിൻറെ നടത്തിപ്പുകാർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടതായി 108 ആംബുലൻസ് നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്. നല്ല പ്രവർത്തന പരിചയമുള്ള ആളുകളെയാണ് ആംബുലൻസിൽ നിയോഗിക്കുന്നതെന്നാണ് കമ്ബനി അറിയിച്ചിട്ടുള്ളത്. 2014-2015ൽ ആലപ്പുഴ ജില്ലയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിൻറെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

അടൂരിൽ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയർ സെന്ററിലേക്ക് പോകുമ്‌ബോഴായിരുന്നു പീഡനം. കായംകുളം പോലീസ് സ്റ്റേഷനിലടക്കം പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് നൗഫൽ. അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അടൂർ വടക്കേടത്തുള്ള ബന്ധുവീട്ടിൽ കഴിയുകയായിരുന്നു പെൺകുട്ടി. ശനിയാഴ്ച പരിശോധനയിൽ കൊറോണ പോസിറ്റീവായ വിവരം വൈകിട്ടാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കെയർ സെന്ററിലേക്ക് മാറ്റുകയാണെന്നും ഇതിനായി തയാറായി നിൽക്കാനുമുള്ള നിർദേശം പെൺകുട്ടിക്കു ലഭിച്ചു.

രാത്രി പതിനൊന്നരയോടെ അടൂർ ജനറൽ ആശുപത്രിയിലെ 108 ആംബുലൻസ് പെൺകുട്ടിയെ കൊണ്ടു പോകാനെത്തി. ആംബുലൻസിൽ നാൽപ്പത് വയസുള്ള കൊറോണ പോസീറ്റീവായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും പെൺകുട്ടിയെ പന്തളത്തെ കെയർ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിർദേശം. തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ നൗഫൽ ആംബുലൻസ് കോഴഞ്ചേരിക്ക് വിട്ടു.

പതിനെട്ടു കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി നൗഫൽ പന്തളത്തേക്ക് മടങ്ങി.തിരിച്ചു വരും വഴി ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം രാത്രി പന്ത്രണ്ടരയോടെ നൗഫൽ ആംബുലൻസ് നിർത്തി. തുടർന്ന് ധരിച്ചിരുന്ന പിപിഇ കിറ്റ് ഡ്രൈവിങ് സീറ്റിൽ ഊരിവച്ച ശേഷം പിറകിലെ ഡോർ തുറന്ന് അകത്തു കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം നടന്ന സംഭവങ്ങൾ ആരോടും പറയരുതെന്നും അബദ്ധത്തിൽ സംഭവിച്ചതാണിതെന്നും നൗഫൽ പെൺകുട്ടിയോട് പറഞ്ഞു. ഈ സംഭാഷണം പെൺകുട്ടി രഹസ്യമായി ഫോണിൽ റെക്കോഡ് ചെയ്തു. സംഭവത്തിനു ശേഷം പെൺകുട്ടിയുമായി കിടങ്ങന്നൂർ-കുളനട വഴി പന്തളത്തെത്തി അർച്ചന ആശുപത്രിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ഇറക്കി വിട്ട ശേഷം അടൂരിന് പോയി. പെൺകുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.

പന്തളത്തെ കെയർ സെന്ററിലെത്തിയപ്പോൾ പെൺകുട്ടി ആംബുലൻസിൽ നിന്നും ഇറങ്ങിയോടി പീഡനവിവരം അധികൃതരെ അറിയിച്ചു. അവർ പന്തളം പോലീസിനെ വിളിച്ചു വരുത്തി. തുടർന്ന് വനിതാ പോലീസ് അടക്കം പന്തളം സ്റ്റേഷനിൽ നിന്നുള്ള സംഘം കൊറോണ സെന്ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയിൽ നിന്നും ആംബുലൻസ് വിവരങ്ങൾ ശേഖരിച്ച പോലീസ് പ്രതിയായ നൗഫലിനെ തിരിച്ചറിഞ്ഞു. ഇയാളുടെ ആംബുലൻസ് അടൂർ ആശുപത്രിയിലുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പന്തളം പോലീസ് അടൂർ പോലീസിനെ വിവരം അറിയിക്കുകയും അവർ ആശുപത്രിയിലെത്തി നൗഫലിനെ പിടികൂടുകയുമായിരുന്നു. ഇയാളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പന്തളം കൊവിഡ് കെയർ സെന്ററിലെ പ്രത്യേക റൂമിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്.