
മൃതദേഹം കൊണ്ടുവരുന്നതിന് പോലീസുകാർക്കെന്ന വ്യാജേന പണം തട്ടിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പാലക്കാട്: ആന്ധ്രപ്രദേശില്‍ മരിച്ച അമ്പലപ്പുഴ സ്വദേശിയുടെ മൃതദേഹം കൊണ്ടുവരാന്‍ ബന്ധുക്കളില്‍നിന്ന് 2000 രൂപ അധികം വാങ്ങിയ ആംബുലന്‍സ് ഡ്രൈവറെ കേരളാ പോലീസ് തമിഴ്‌നാട്ടില്‍വച്ച് പിടികൂടി.
വിശാഖപട്ടണത്ത് മരണപ്പെട്ട അമ്പലപ്പുഴ സ്വദേശിയുടെ മൃതദേഹവുമായി വന്ന ഡ്രൈവര്‍ മൂര്‍ത്തി, ക്ലീനര്‍ രാമു എന്നിവരാണ് കുമളി ചെക്ക് പോസ്‌റ്റ് വഴി മടങ്ങുന്നതിനിടെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ചെക്ക്‌പോസ്‌റ്റില്‍ പോലീസുകാര്‍ 2000 രൂപ കൈക്കൂലി വാങ്ങിയാണ് മൃതദേഹം കടത്തി വിട്ടതെന്നുപറഞ്ഞാണ് വീട്ടുകാരില്‍നിന്ന് 2000 രൂപ കൂടുതല്‍ വാങ്ങിയത്. ഈ വിവരം മരിച്ചയാളുടെ ബന്ധുവായ എസ്.ഐ: ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇതോടെ സംഭവം അന്വേഷിക്കാന്‍ ഡി.ജി.പി.പാലക്കാട് എസ്.പിക്ക് നിര്‍ദേശം നല്‍കി. ആംബുലന്‍സ് തിരികെ വരുമ്പോൾ ഇരുവരെയും പാലക്കാട് എസ്.പി. ഓഫീസില്‍ എത്തിക്കണമെന്ന് ചെക്ക് പോസ്‌റ്റില്‍ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ തിരികെ പാലക്കാടുവഴി പോകാതെ കുമളിവഴി പോയി.
അതിര്‍ത്തി കടന്നശേഷമാണ് കുമളി പോലീസിന് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. ഉടന്‍ തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെ കുമളി എസ്.ഐ: ലോവര്‍ ക്യാമ്പിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
കുമളി സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്‌തപ്പോള്‍ പോലീസുകാര്‍ക്ക് പൈസ കൊടുത്തിട്ടില്ലെന്നും പണം തങ്ങള്‍ എടുത്തതാണെന്നും പറഞ്ഞു. മരിച്ചയാളുടെ ബന്ധുക്കളില്‍നിന്ന് വാങ്ങിയ തുക തിരികെ നല്‍കാന്‍ ഇരുവരെയും അമ്പലപ്പുഴയ്‌ക്ക് തിരിച്ചയച്ചു. ഇത്തരത്തിൽ മൃതദേഹം കൊണ്ടു പോകുന്ന ആംബുലൻസ് ഡ്രൈവർമാർ വ്യാപക തട്ടിപ്പാണ് നടത്തുന്നത്.