
ആലുവ സി ഐ സുധീറിനെതിരെ കൂടുതൽ പരാതികളുമായി ഗാര്‍ഹികപീഡനത്തിനിരയായ മറ്റൊരു യുവതി; ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി സ്ഥലം മാറ്റം കിട്ടിയിട്ടും സ്ത്രീകളോട് മോശമായി പെരുമാറുന്ന രീതി മാറ്റാതെ സി ഐ
സ്വന്തം ലേഖകൻ
കൊച്ചി: ആലുവ സിഐ സിഎല്‍ സുധീറിനെതിരെ കൂടുതല്‍ പരാതികളുമായി ഗാര്‍ഹികപീഡനത്തിനിരയായ മറ്റൊരു യുവതി രംഗത്ത്. പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളോട് സുധീര്‍ മോശമായി പെരുമാറുന്നത് സ്ഥിരമാണെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രണ്ട് മാസം മുമ്പ് ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി എത്തിയ യുവതിയോടാണ് സുധീര്‍ മോശമായി പെരുമാറിയത്. ആലുവ സ്റ്റേഷനില്‍ വച്ച് വേശ്യയെന്ന് വിളിച്ചുകൊണ്ടാണ് ഇയാള്‍ പെരുമാറിയതെന്ന് യുവതി തേർഡ് ഐ ന്യൂസിനോട് വെളിപ്പെടുത്തി. അന്ന് താന്‍ ആത്മഹത്യയെക്കുറിച്ച് അന്ന് ചിന്തിച്ചിരുന്നെന്നും യുവതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി പറഞ്ഞത്: ”മോഫിയയുടെ പേരിന് മുന്‍പ് എന്റെ പേരായിരുന്നു വരേണ്ടിയിരുന്നത്. ഗാര്‍ഹികപീഡനത്തിനെതിരെ ആലുവ സ്റ്റേഷനിലെത്തിയപ്പോള്‍, സുധീര്‍ വളരെ മോശമായാണ് പെരുമാറിയത്. മോഫിയയെക്കാള്‍ കുറച്ചുകൂടി ബോള്‍ഡ് ആയത് കൊണ്ടാണ് ഞാന്‍ പിടിച്ചുനിന്നത്. ഗതികേട് കൊണ്ടാണ് അന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ നേരിടേണ്ടി വന്നത് മോശം പെരുമാറ്റമാണ്. വേശ്യയെന്നാണ് അയാള്‍ എന്നെ വിളിച്ചത്.”
പ്രമാദമായ കൊല്ലം ഉത്രാ കേസിലടക്കം വകുപ്പുതല അന്വേഷണം നേരിട്ട ഉദ്യോഗസ്ഥന് കൂടിയാണ് സുധീര്‍. ഉത്ര കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീറിനെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 19നാണ് കേസിലെ സുധീറിനെതിരായ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായത്.
2020 ജൂണില്‍ അഞ്ചല്‍ സിഐ ആയിരിക്കെ അഞ്ചല്‍ ഇടമുളയ്ക്കലിലെ ദമ്ബതികളുടെ മരണത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. അന്നത്തെ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്പ്പില് സിഐയുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ സുധീറിനെതിരെ നടപടിയ്ക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു.