
വാഹനം നല്‍കിയത് കള്ള ടാക്സിയായി ; ആലപ്പുഴ അപകടത്തിൽ വാഹനം വാടകയ്ക്കു നല്‍കിയ കാറുടമയ്‌ക്കെതിരെ കേസ്, രജിസ്‌ട്രേഷന്‍ റദ്ദാക്കും ; വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
സ്വന്തം ലേഖകൻ
ആലപ്പുഴ: ആറ് വിദ്യാർത്ഥികളുടെ ജീവൻ പൊലിയാൻ ഇടയാക്കിയ ആലപ്പുഴ കളർകോട് വാഹനാപകടത്തില്‍ വാഹന ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വാഹനം നല്‍കിയത് കള്ള ടാക്സിയായെന്ന് എംവിഡി കണ്ടെത്തിയിരിക്കുന്നു. അപകടത്തില്‍ അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയില്‍ സമർപ്പിക്കും. ഷാമില്‍ ഖാന് വാടക ഗൂഗിള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഉണ്ടായിരുന്നില്ല. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.
സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സി ഓടിക്കാനോ വാടകയ്ക്കു നല്‍കാനോ പാടില്ലെന്നാണു നിയമം. നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഉടമയ്ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.
‘മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു’, എന്നാണ് അപകടത്തിന് പിന്നാലെ ഷാമില്‍ ഖാന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.