ദാ വന്നു ദേ പോയി: അലോക് വർമ ചുമതലയേറ്റ് 48 മണിക്കൂറിനകം തെറിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദാ വന്നു ദേ പോയി. സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ സി.ബി.ഐ. ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയ അലോക് വർമ 48 മണിക്കൂറിനകം തെറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖാർഗെ, തന്റെ പ്രതിനിധിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിയോഗിച്ച ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങിയ ഉന്നതതലസമിതി രണ്ടു തവണയായി യോഗം ചേർന്നാണു വർമയുടെ അന്തിമവിധി എഴുതിയത്. ജസ്റ്റിസ് സിക്രി സർക്കാർ നിലപാടിനൊപ്പം നിന്നു. ഖാർഗെയുടെ വിയോജിപ്പ് തള്ളപ്പെട്ടു.
സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തുനിന്നു തെറിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് 1979 ഐ.പി.എസ്. ബാച്ചുകാരനായ വർമ. അദ്ദേഹത്തിന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഫയർ സർവീസസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായി പുതിയ നിയമനം നൽകി. വർമയെ പുറത്തുനിർത്തിയ ദിവസങ്ങളിൽ ഡയറക്ടറുടെ ഇടക്കാല ചുമതല വഹിച്ചിരുന്ന അഡീഷണൽ ഡയറക്ടർ എം. നാഗേശ്വർ റാവു പഴയ സ്ഥാനത്തു തിരിച്ചെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബർ 23-ന് അർധരാത്രി വർമയെ നിർബന്ധിത അവധി നൽകി മാറ്റിനിർത്തിയ കേന്ദ്ര നടപടി സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഉന്നതതല സെലക്ഷൻ കമ്മിറ്റിക്കു മാത്രമേ സി.ബി.ഐ. മേധാവിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമുള്ളൂ എന്ന സാങ്കേതികതയായിരുന്നു കോടതിവിധിക്ക് അടിസ്ഥാനം. വർമയ്ക്കെതിരായ ആരോപണങ്ങളിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ കണ്ടെത്തലുകൾ വിലയിരുത്തി സെലക്ഷൻ കമ്മിറ്റിക്കു തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.
ഇറച്ചിവ്യവസായി മൊയിൻ ഖുറേഷിക്കെതിരായ കേസന്വേഷണത്തിൽ മനഃപൂർവം വീഴ്ച വരുത്തി, കളങ്കിതരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി, ഐ.ആർ.സി.ടി.സി. കുംഭകോണത്തിൽ പങ്കാളിത്തം എന്നിങ്ങനെ അഴിമതി, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട് എട്ടു കുറ്റങ്ങളാണ് വർമയ്ക്കെതിരായ സി.വി.സി. റിപ്പോർട്ടിലുള്ളത്. കോഴപ്പണം കൈമറിഞ്ഞെന്നു ടെലിഫോൺ കോളുകൾ ചോർത്തി രഹസ്യാന്വേഷണ ഏജൻസിയായ റോ നൽകിയ വിവരങ്ങൾ നിർണായകമായെന്നാണു സൂചന.
ഖുറേഷിയിൽനിന്നു കോഴ വാങ്ങിയെന്നതടക്കം ആരോപണമുന്നയിച്ച് വർമയും സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പരസ്പരം പോരടിച്ചതിനു പിന്നാലെയാണ് ഇരുവരെയും നിർബന്ധിത അവധിയിൽ വിട്ടത്. കോടതിയിൽനിന്ന് അനുകൂല വിധി നേടി തിരിച്ചെത്തിയ വർമ, തന്റെ അഭാവത്തിൽ നാഗേശ്വർ റാവു നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയും ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ സൂചനകൾ നൽകിയിരുന്നു. റാഫേൽ വിമാനക്കരാറടക്കം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണങ്ങൾക്കു തയാറെടുത്തതാണ് വർമയെ തെറിപ്പിച്ചതിന്റെ യഥാർഥ കാരണമെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. ഇന്നലെ വർമ പുറത്താക്കപ്പെട്ടതിനു ശേഷം അവരത് ആവർത്തിച്ചു.