
ആലപ്പുഴയിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം വഴിത്തിരിവിലേക്ക് ; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിലിനെ സഹായിച്ചത് എസ്എഫ്ഐ നേതാവെന്ന് സുഹൃത്തിന്റെ മൊഴി ; നിലവിൽ വിദേശത്തുള്ള ഇയാൾക്ക് നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് രണ്ടു ലക്ഷം രൂപ നല്കിയതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനായി കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസ് ഒരു എസ്എഫ്ഐ നേതാവിനു 2 ലക്ഷം രൂപ നൽകിയതായി പൊലീസിനു തെളിവ് ലഭിച്ചു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്. 2020 ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയതാണ് പുതിയ വഴിത്തിരിവായത്.
ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു ഏജൻസി വഴിയായിരുന്നു നിർമ്മിച്ചതെന്നും മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. കേസിൽ നിഖിൽ തോമസ് മാത്രമാണ് പ്രതിചേർക്കപ്പെട്ടതെങ്കിലും കൂട്ടു പ്രതികളുണ്ടായേക്കും എന്നും പൊലീസ് സൂചന നൽകുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാൻ നിഖിലിന് സഹായം ലഭിച്ചിട്ടുണ്ട് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായിയും പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം, കേസെടുത്ത് 3 ദിവസമായിട്ടും നിഖിലിനെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ 3 ഇൻസ്പെക്ടർമാരെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.
നിഖിൽ ഒളിവിൽ പോകുന്നതിന്റെ തലേന്ന് ഒപ്പം ഉണ്ടായിരുന്ന സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗത്തെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. കൂടാതെ കരീലക്കുളങ്ങര ലോ കോളജിലെ എസ്എഫ്ഐ നേതാവായ ചവറ സ്വദേശി ഉൾപ്പെടെ 8 പേരെക്കൂടി ഇന്നലെ ചോദ്യം ചെയ്തിരുന്നു.