
‘ആദ്യം പരീക്ഷ എഴുതി തീർക്കൂ, ഞങ്ങൾ ഷൂട്ടിംങ് നീട്ടിവെച്ചോളാം’; ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീർന്നത്; ഒരു പ്രണയത്തിന്റെ തുടക്കം
സ്വന്തം ലേഖകൻ
തമിഴ്സിനിമയിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജോടിയായിരുന്നു അജിതും ശാലിനിയും.
വളരെ നാടകീയമായിരുന്നു ആ പ്രണയകഥയുടെ തുടക്കം. അമർക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമർക്കളത്തിലേക്ക് സംവിധായകൻ ശരൺ സമീപിച്ചപ്പോൾ ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ് ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുൻപ് താൻ ഒന്നും ഏറ്റെടുക്കാൻ തയ്യാറല്ലെന്നും ശാലിനി പറഞ്ഞു.
പക്ഷേ ശരൺ വിട്ടില്ല. ശാലിനിയും അജിതും സിനിമയിൽ നല്ല ജോടിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരൺ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവർത്തിച്ചപ്പോൾ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു, ‘ആദ്യം പരീക്ഷ എഴുതി തീർക്കൂ, ഞങ്ങൾ ഷൂട്ടിംങ് നീട്ടിവച്ചോളാം.’
പരീക്ഷ എഴുതി തീർത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയിൽ അബദ്ധത്തിൽ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോൾ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീർന്നതെന്ന് അജിത് പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
‘ഒരിക്കൽ ഞാൻ മുടി ചുരുട്ടി ഒരു പുത്തൻ സ്റ്റൈലിൽ സെറ്റിൽ പോയി. അമർക്കളത്തിന്റെ സെറ്റിൽ വച്ച് അജിത് എന്നോട് പറഞ്ഞു എനിക്കത് ചേരുന്നില്ലെന്ന്. പെട്ടന്ന് തന്നെ അദ്ദേഹം തിരുത്തി പറഞ്ഞു എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ കാതലുക്ക് മര്യാദെ ഞാൻ കണ്ടിട്ടുണ്ട്. അതിലെ സ്റ്റൈലാണ് നല്ലത്’- ശാലിനി ജെ.ഡബ്ല്യൂ മാസികയ്ക്ക് 2010 ൽ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
അമ്പർക്കളത്തിന്റെ ചിത്രീകരണത്തിന് ശേഷം ശാലിനിയാണ് തന്റെ ജീവിതത്തിലെ പെൺകുട്ടിയെന്ന് അജിതിന് തോന്നി. ഇഷ്ടം തുറന്ന് പറഞ്ഞത് അൽപ്പം ഭയത്തോടെ ആയിരുന്നു. പക്ഷേ, ശാലിനിയുടെ മനസ്സിലും പ്രണയം മൊട്ടിട്ടിരുന്നു.
2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുൻപ് തന്നെ മണിരത്നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂർത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞ് 20 വർഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെൺകുട്ടിയാണ് മലയാളികൾക്ക്. അനൗഷ്ക, ആദ്വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്പതികളുടെ മക്കൾ.