play-sharp-fill
റോഡിലെ ക്യാമറയും  പിഴയും ; ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമലംഘനങ്ങൾ, പരിവാഹൻ സൈറ്റിൽ 29,800, ഇ-ചെലാൻ അയച്ചത് 18,830 പേർക്ക്

റോഡിലെ ക്യാമറയും പിഴയും ; ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമലംഘനങ്ങൾ, പരിവാഹൻ സൈറ്റിൽ 29,800, ഇ-ചെലാൻ അയച്ചത് 18,830 പേർക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : റോഡിലെ എ ഐ ക്യാമറകൾ പണി തുടങ്ങിയതോടെ ഒരാഴ്ചയ്ക്കിടെ നിയമലംഘനങ്ങൾ 4 ലക്ഷം കഴിഞ്ഞു. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.


കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികൾക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങൾ മാത്രം. ഇതിൽ ഇ- ചെലാൻ അയച്ചത് 18,830 എണ്ണം.

2005 ന് മുൻപുള്ള വാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും ഒന്നും നിലവിലുള്ള നിയമപ്രകാരം സീറ്റ് ബെൽറ്റ് നിര്‍ബന്ധമില്ല. നാല് വയസിൽ താഴെയുള്ള കുട്ടിയെ കാറിന്റെ മുൻസീറ്റിൽ മടിയിലിരുത്തിയാലോ പന്ത്രണ്ട് വയസ്സ് വരെയുള്ള ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലിരുന്നാലോ പിഴയിളവിനും തീരുമാനം ഉണ്ട്. എന്നാൽ ഇത്തരം വേര്‍തിരിവുകളൊന്നും നിലവിലെ എഐ സംവിധാനത്തിൽ പ്രാവര്‍ത്തികമാക്കാൻ കഴിയുന്നുമില്ല.

മാത്രമല്ല ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾ പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ ജില്ലാ അടിസ്ഥാനത്തിൽ ഒരു എൻഫോഴ്സ്മെന്റ് ആര്‍ടിഓക്ക് മാത്രമാണ് യൂസര്‍ ഐഡി നൽകിയിട്ടുള്ളത്. ഇതും പിഴയീടാക്കൽ നടപടികളിൽ കാലതാമസമുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലുണ്ട്. വേണ്ടത്ര സമയം കിട്ടിയിട്ടും കുറ്റമറ്റ സംവിധാനം ഒരുക്കാനായില്ലെന്ന് മാത്രമല്ല ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി ആഴ്ച ഒന്ന് തികയാറായിട്ടും അപര്യാപ്തതകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല.

Tags :