നല്ല നിലവാരമുള്ള സർക്കാർ സ്‌കൂളുകളിലോ മനുഷ്യപ്പറ്റുള്ള മാനേജ്‌മെന്റ് സ്‌കൂളുകളിലോ മക്കളെ വിടു ; അവർ അനീതികളെ ചോദ്യം ചെയ്ത് പഠിക്കട്ടെ : വൈറലായി അഡ്വ. ഹരിഷിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂൾ മാസങ്ങൾ പിന്നിട്ടിട്ടും തുറന്നിട്ടില്ല. ഓൺലൈൻ മുഖേനെയാണ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ ക്ലാസുകൾ പുരോഗമിക്കുന്നത്.

അതേസമയം ക്ലാസുകൾ ഓൺലൈൻ മുഖേനെയാക്കിയിട്ടും സ്വാകാര്യ മാനേജ്് സ്‌കൂൾ അധികൃതർ ഫീസുകൾ കുറയ്ക്കുന്നില്ല. ഇതിനെതിരെ വലിയ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. കൊറോണക്കാലത്ത് ഫീസ് കുറയ്ക്കാത്ത അൺഎയ്ഡഡ് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾക്കെതിരെ അഡ്വ. ഹരീഷ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

അഡ്വ. ഹരീഷിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

കൊറോണ വന്നതുകൊണ്ടു ലോട്ടറി അടിച്ചത് അൺഎയ്ഡഡ് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ് ആണ്. ടീച്ചർമാരുടെ ശമ്പളം പകുതിയാക്കി. ചെലവ് കുത്തനെ കുറഞ്ഞു. ഫീസ് കുറയ്ക്കുകയുമില്ല. പള്ളി നടത്തുന്ന സ്‌കൂൾ മുതൽ യൂസഫലിയുടെ സ്‌കൂൾ വരെ ഇതാണ് സ്ഥിതി.

പലരും വിളിക്കുന്നുണ്ട് ഇടപെടാമോ എന്ന് ചോദിച്ച്. സഹായം നൽകാമോ എന്ന്. സമരം നടത്തുന്നവരെ മുതലാളി പോലീസിനെ വിട്ടു തല്ലിക്കും. കേസ് എടുപ്പിക്കും. സർക്കാരിന് ഒരു നിയന്ത്രണവും ഇല്ല ഇവർക്ക് മേൽ.

എനിക്കൊരു സഹതാപവും ഇല്ല. ആരും നിർബന്ധിച്ചില്ലല്ലോ മക്കളെ സ്വകാര്യ സ്‌കൂളിൽ പഠിപ്പിക്കാൻ. സ്‌കൂളിൽ രാഷ്ട്രീയം ഇല്ലാതാക്കി അച്ചടക്കം കൊണ്ടുവന്നു വെറും പാവകളെ ഉണ്ടാക്കുന്ന, എതിർത്ത് ഒരക്ഷരം പറയാൻ കഴിയാത്ത തലമുറയെ ഉണ്ടാക്കാൻ അല്ലേ നിങ്ങൾ സർക്കാർ സ്‌കൂളും എയ്ഡഡ് സ്‌കൂളും കളഞ്ഞു സ്റ്റാറ്റസ് ഉള്ള സ്വകാര്യസ്‌കൂൾ നോക്കി പിള്ളേരെ വിട്ടത്. പത്തുപൈസയുടെ സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത മുതലാളിമാർ സി.ബി.എസ്.സി.ഇ ശമ്പളം ഒപ്പിടിച്ചിട്ടു ടീച്ചർമാർക്ക് തുച്ഛമായ ശമ്പളം നൽകും.

പി.ടി.എ പോലും മുതലാളിമാർ സമ്മതിക്കില്ല. സംഘടനാ സ്വാതന്ത്ര്യം സമ്മതിക്കില്ല. പ്രതികരണ ശേഷി ഇല്ലാത്ത ആളുകളെ ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്ന നിങ്ങൾക്കിട്ടു തരംകിട്ടിയപ്പോൾ മാനേജ്‌മെന്റ് പണി തന്നതാ. സഹിച്ചോ. മനഃസാക്ഷി ഇല്ലാത്ത വിദ്യാഭ്യാസ കച്ചവടക്കാർക്ക് വലിയ ഫീസ് കൊടുത്ത് നിങ്ങളുടെ മക്കളേ പഠിപ്പിക്കുമ്പോൾ പൊതുവിദ്യാഭ്യാസം തകർക്കാതെ നോക്കാൻ പാവപ്പെട്ടവർ സർക്കാർ സ്‌കൂളിലെ ക്വാളിറ്റി വർധിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

ഇനിയെങ്കിലും മിഥ്യാഭിമാനം കളയൂ. മക്കളുടെ ഭാവിക്ക് ഒന്നും പറ്റില്ല, നല്ല നിലവാരമുള്ള സർക്കാർ സ്‌കൂളിലോ മനുഷ്യപ്പറ്റുള്ള മാനേജ്‌മെന്റ് സ്‌കൂളിലോ മക്കളെ വിടൂ. അവർ അനീതികളെ ചോദ്യം ചെയ്തു പഠിക്കട്ടെ.

ചആ:മര്യാദയ്ക്ക് പഠിപ്പിച്ച് മാന്യമായ ഫീസും വാങ്ങുന്ന അപൂർവ്വം സ്വകാര്യ സ്‌കൂളുകളേ പറ്റിയല്ല പോസ്റ്റ്, മനുഷ്യത്വം കാണിക്കാത്തവരെ പറ്റിയാണ്. രക്ഷിതാക്കൾ സംഘടിച്ച് വേണം അവരോട് പോരാടാൻ. ഇംഗ്ലീഷ് മീഡിയം കുറ്റമറ്റതാക്കി കൊണ്ടുവരാൻ പൊതുവിദ്യാലയങ്ങൾ ശ്രമിക്കുകയും വേണം.